തൊഴിലും നൈപുണ്യവും വകുപ്പിന്റെയും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെയും സഹകരണത്തോടെ ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ ‘കവച്’ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സമാപിച്ചു. പുല്‍പ്പള്ളി വൈ.എം.സി.എ ഹാളില്‍ നടന്ന സമാപന ചടങ്ങ് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോളി നരിതോക്കില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ എസ്.പി ബഷീര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദു ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസെടുത്തു. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി തൊഴില്‍ വകുപ്പ് ജീവനക്കാര്‍ തെരുവ് നാടകവും അവതരിപ്പിച്ചു. അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. അതിഥി തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉപഭോഗവും വ്യാപനവും പുര്‍ണ്ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടോമി, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ കെ.കെ വിനയന്‍, ടി.കെ ജിജു, സി.എ അബ്ദുള്‍ റഹീം തുടങ്ങിയവര്‍ സംസാരിച്ചു.