ശുചീകരണത്തിന്റെ പൂര്‍ണ്ണ ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്ക്
കൊച്ചി: ശുചീകരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ ഏകോപന സംവിധാനത്തിന് രൂപം നല്‍കാന്‍ മന്ത്രി എ.സി. മൊയ്തീന്‍ നിര്‍ദേശം നല്‍കി. ശുചീകരണം,  ദുരിത ബാധിതര്‍ക്കുള്ള സാധനങ്ങളുടെ വിതരണം, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പഞ്ചായത്ത് തലത്തില്‍ ഏകോപനത്തിന് സമിതി രൂപീകരിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കൃത്യമായ ഏകോപനമാണ് ലക്ഷ്യം. ഓരോ പഞ്ചായത്തിലും വാര്‍ഡ് തല സമിതി രൂപീകരിക്കും. പഞ്ചായത്ത് അംഗം ചെയര്‍മാനായ സമിതിയില്‍ ഒരു നിര്‍വഹണ ഉദ്യോഗസ്ഥനുമുണ്ടാകും. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് ഏകോപന ചുമതല.
ഓരോ വാര്‍ഡിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവിധ ഉദ്യോഗസ്ഥരെ ഏകോപിപ്പിക്കണം. ആരോഗ്യം, പഞ്ചായത്ത്, റവന്യൂ, കെ എസ് ഇ ബി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരെ ഏകോപിപ്പിക്കണം. സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണം. ശുചീകരണത്തിനാവശ്യമായ വസ്തുക്കളും സാധന സാമഗ്രികളും ദുരിതബാധിതരായ എല്ലാവരിലും കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സ്വന്തമായുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കണം. ശുചീകരണവുമായി ബന്ധപ്പെട്ട ചുമതല ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്തിനാണ്. പ്ലാന്‍ ഫണ്ടില്‍ നിന്ന് വകമാറ്റി ചെലവഴിക്കാനുള്ള അനുമതി പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുണ്ട്. വെള്ളം കയറിയ വീടുകളില്‍ നിന്ന് നീക്കം ചെയ്യുന്ന അജൈവ മാലിന്യങ്ങള്‍ നിശ്ചിത സ്ഥലത്ത് നിക്ഷേപിക്കണം. ശുചിത്വമിഷന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തില്‍ ശേഖരിക്കും. ഇവ ശേഖരിക്കുന്ന ഏജന്‍സി ബ്രഹ്മപുരത്ത് താത്കാലികമായി നിക്ഷേപിക്കും. ഇ വേസ്റ്റുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും പഞ്ചായത്ത് തലത്തില്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.
ഓരോ പ്രദേശത്തെയും വീടുകളുടെ സുരക്ഷ സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധന നടത്തണം. പ്ലംബര്‍മാര്‍, ഇലക്ടീഷ്യ•ാര്‍, എന്‍ജിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍ എന്നിവരെക്കൊണ്ട് പരിശോധന നടത്തി വീടുകളുടെ സുരക്ഷ ഉറപ്പാക്കണം. ദുരിതബാധിത മേഖലകളില്‍ വാസയോഗ്യമായ വീടുകള്‍ കണ്ടെത്തണം. പഞ്ചായത്ത് പ്രസിഡന്റ, സെക്രട്ടറി വാസയോഗ്യമായ വീടുകളുള്ളവരെ ക്യാംപില്‍ നിന്നു മാറ്റാന്‍ കഴിയും. നിലവില്‍ താമസിക്കാന്‍ കഴിയാത്ത വീടുകളുള്ളവര്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.
അടിയന്തര സാഹചര്യം നേരിടാനാവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിക്കാനും മന്ത്രി നിര്‍ദേശിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുറമേ അധിക ചികിത്സാ സൗകര്യം ആരംഭിക്കുമെന്ന് എന്‍ ആര്‍ എച്ച് എം അറിയിച്ചു. ഒരു ഡോക്ടറും മരുന്നു നല്‍കാനുള്ള സംവിധാനവും ഇവിടെയുണ്ടാകും. അടഞ്ഞുകിടക്കുന്ന വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മോഷണം വ്യാപകമാകുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.