പത്തനംതിട്ട: പ്രളയബാധിത പ്രദേശങ്ങള്‍ ശുചിയാക്കാന്‍ കൈകോര്‍ത്ത് ഹരിതകേരളം മിഷനും ശുചിത്വമിഷനും. ജില്ലയിലെ ഐടിഐകളുടെ സഹകരണത്തോടെയാണ് ഓരോ വീടിനും ആവശ്യമായ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നത്. ജില്ലയിലെ ഐടിഐ വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും ചേര്‍ത്ത് രൂപീകരിച്ച നൈപുണ്യസേന എന്ന സംഘമാണ് സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നത്. വീടുകളുടെ ക്ലീനിംഗ് മുതല്‍ വയറിംഗ്, പ്ലംബിംഗ്, ഇലക്ട്രിക്കല്‍ ജോലികള്‍ വരെ ഇവര്‍ കൃത്യതയോടെ ചെയ്ത് കൊടുക്കും. കഴിഞ്ഞദിവസം ചെന്നീര്‍ക്കര ഐടിഐയില്‍ ജില്ലയിലെ ഗവണ്‍മെന്റ്, പ്രൈവറ്റ് ഐടിഐകള്‍ ചേര്‍ന്നാണ് നൈപുണ്യസേനയ്ക്ക് രൂപം നല്‍കിയത്. ഹരിതകേരളം മിഷന്റെ കീഴിലാണ് നൈപുണ്യസേനയുടെ പ്രവര്‍ത്തനം. ജില്ലയില്‍ എല്ലായിടത്തും നൈപുണ്യസേനയെ വിന്യസിക്കുകയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയുമാണ് ലക്ഷ്യം. ഹരിതകേരളം, ശുചിത്വ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളെ ഉള്‍പ്പെടുത്തി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശുചിയാക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
