സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രതിരോധിക്കാന്‍ ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് കേരള വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു. കേരള വനിതാ കമ്മീഷനും ജില്ലാ പഞ്ചായത്തും സംയുക്തമായി മീനങ്ങാടിയില്‍ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ താഴേ തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനതല സെമിനാറിന് ശേഷം ജില്ലാതലത്തിലും സബ് ജില്ലാ തലത്തിലും സെമിനാറുകള്‍ സംഘടിപ്പിക്കും. മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തുന്ന ജാഗ്രതാ സമിതികള്‍ക്ക് അവാര്‍ഡ് നല്‍കുമെന്നും അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു.
മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സെമിനാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു മുഖ്യ പ്രഭാഷണം നടത്തി. ലിംഗ നീതിയും ഭരണഘടനയും എന്ന വിഷയത്തില്‍ അഡ്വ. ഗവാസും സ്ത്രീ സഹായ സംവിധാനങ്ങള്‍ എന്ന വിഷയത്തില്‍ കാര്‍ത്തിക അന്ന തോമസും വിഷയാവതരണം നടത്തി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി ബാലകൃഷ്ണന്‍, കെ.ഇ വിനയന്‍, ഇ.കെ രേണുക, അനസ് റോസ്‌ന സ്റ്റെഫി, ഷീജ സതീഷ്, മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. നുസ്രത്ത്, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ തമ്പി, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ ജോസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു ശ്രീധരന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.
