കേരള സംസ്ഥാന സര്‍ക്കാര്‍ വ്യവസായ-വാണിജ്യ വകുപ്പിന്റെ എന്റെ സംരംഭം നാടിന്റെ അഭിമാനം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഒരു വര്‍ഷം ഒരു ലക്ഷം സംരംഭക പദ്ധതിയുടെ ഭാഗമായി ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ പഞ്ചായത്തുകളിലുമായി 381 സംരംഭക യൂണിറ്റുകള്‍ ആരംഭിച്ചതായി ബ്ലോക്ക് വ്യവസായ വികസന വകുപ്പ് അധികൃതര്‍ അറിയിച്ചു. നിര്‍മാണ മേഖല, ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍, ഇ-സേവന കേന്ദ്രങ്ങള്‍ എന്നീ സംരംഭങ്ങളാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളുടെ അടിസ്ഥാനത്തില്‍ കൊഴിഞ്ഞാമ്പാറ-69, പെരുമാട്ടി-54, വടകരപ്പതി-65, എലപ്പുള്ളി- 57, നല്ലേപ്പിള്ളി-62, പൊല്‍പ്പുള്ളി-44, എരുത്തേമ്പതി-30 എന്നിങ്ങനെ വ്യക്തിഗതമായും ചെറുസംഘങ്ങളായും തിരിഞ്ഞാണ് സംരംഭക യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
പഞ്ചായത്ത് തലത്തില്‍ ലോണ്‍ മേളകള്‍ നടത്തിയും ബോധവത്ക്കരണ സെമിനാറുകള്‍ സംഘടിപ്പിച്ചും സംരംഭം തുടങ്ങുന്നതിനാവശ്യമായ ലൈസന്‍സ് നല്‍കിയുമാണ് സംരംഭകരെ കണ്ടെത്തിയത്. കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരുന്നുണ്ടെന്നും യൂണിറ്റുകളില്‍ ഇനിയും വര്‍ധനവ് ഉണ്ടാവുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.