കൃഷിവകുപ്പ് മന്ത്രിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സംസ്ഥാനത്തെ കാര്‍ഷിക ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് കര്‍ഷകരുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന ‘കൃഷിദര്‍ശന്‍’ പ്രാദേശിക കാര്‍ഷിക വിലയിരുത്തല്‍ യജ്ഞത്തിന് തുടക്കം. സംസ്ഥാനത്തെ ആദ്യ കൃഷിദര്‍ശന്‍ പരിപാടിയാണ് ഒല്ലൂക്കര ബ്ലോക്കില്‍ ആരംഭിച്ചത്. 29 വരെ നടക്കുന്ന കൃഷിദര്‍ശനില്‍ കാര്‍ഷിക പ്രദര്‍ശനം, കൃഷിയിട സന്ദര്‍ശനം, കൃഷിക്കൂട്ട സംഗമം, കാര്‍ഷിക അദാലത്ത്, കര്‍ഷക ഗൃഹസന്ദര്‍ശനം തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് നടക്കുന്നത്.

*കൃഷി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച*

കൃഷിദര്‍ശന്റെ രണ്ടാം ദിനമായ ഇന്ന് (ഒക്ടോബര്‍ 26) കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും ഒല്ലൂക്കര ബ്ലോക്കിലെ കൃഷി ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അവലോകനയോഗം ചേരും. ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. വകുപ്പ് മേധാവികള്‍ പദ്ധതികളുടെ പുരോഗതി വിലയിരുത്തും. ജില്ലയിലെ കാര്‍ഷിക മേഖലയിലെ സാധ്യതകള്‍, ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതി, കൃഷിക്കൂട്ടങ്ങളുടെ പ്രവര്‍ത്തന പുരോഗതി, കാര്‍ഷിക പ്രശ്‌നങ്ങള്‍, ജില്ലയിലെ കാര്‍ഷിക മേഖലയിലെ സാധ്യതകള്‍, ഞങ്ങളും കൃഷിയിലേക്ക് പദ്ധതി, കൃഷിക്കൂട്ടങ്ങളുടെ പ്രവര്‍ത്തന പുരോഗതി, കാര്‍ഷിക പ്രശ്‌നങ്ങള്‍, നടത്തിപ്പ് പ്രശ്‌നങ്ങള്‍ എന്നിവയും യോഗത്തില്‍ അവലോകനം ചെയ്യും.

*കൃഷിയിട സന്ദര്‍ശനം*

കൃഷിദര്‍ശന്‍ പരിപാടിയിലെ പ്രധാന ഇനങ്ങളില്‍ ഒന്നായ കൃഷിയിട സന്ദര്‍ശനം മൂന്നാം ദിവസം (ഒക്ടോബര്‍ 27) ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായാണ് സന്ദര്‍ശനം തീരുമാനിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ കൃഷിവകുപ്പ്, മണ്ണ് സംരക്ഷണ – മണ്ണ് പര്യവേക്ഷണ വകുപ്പ്, കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരടങ്ങുന്ന സംഘം 49 ടീമുകളായി തിരിഞ്ഞ് ഓരോ പഞ്ചായത്തിലേയും കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കും.

ഈ സന്ദര്‍ശന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാലാം ദിവസം (ഒക്ടോബര്‍ 28) രാവിലെ 8 മണി മുതല്‍ കൃഷിമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കര്‍ഷകരുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കും. കൃഷിവകുപ്പ് മണ്ണ് സംരക്ഷണ മണ്ണ് പര്യവേക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍, കാര്‍ഷിക വിദ്യാര്‍ത്ഥികള്‍ എന്നിവരടങ്ങുന്ന ടെക്‌നിക്കല്‍ ടീമും സംഘത്തോടൊപ്പമുണ്ടാവും.

*കര്‍ഷക ഗൃഹസന്ദര്‍ശനം*

കൃഷിദര്‍ശന്‍ പരിപാടിയിലെ മറ്റൊരു പ്രധാന തദ്ദേശ ഭരണമേധാവികളുമായുള്ള കൂടിക്കാഴ്ച ഇനമാണ് കര്‍ഷക ഗൃഹസന്ദര്‍ശനം, ബ്ലോക്കിലെ ഒരു കര്‍ഷകഗൃഹം കേന്ദ്രീകരിച്ച് നടത്തുന്ന ഭവന കൂട്ടായ്മയില്‍ കൃഷിവകുപ്പ് മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. നാലാം ദിനം (ഒക്ടോബര്‍ 28) വൈകുന്നേരം 5 മണി മുതലാണ് ഭവനകൂട്ടായ്മ സജ്ജീകരിച്ചിരിക്കുന്നത്. ഇതേസ്ഥലത്ത് തന്നെ സാംസ്‌കാരിക പരിപാടികളും കര്‍ഷകര്‍, കാര്‍ഷിക വിദ്യാര്‍ത്ഥികളും ചേര്‍ന്ന അവതരിപ്പിക്കുന്ന കലാ പരിപാടികളും ഉണ്ടാകും

*തദ്ദേശ ഭരണമേധാവികളുമായുള്ള കൂടിക്കാഴ്ച*

കൃഷിദര്‍ശന്‍ പരിപാടിയുടെ അവസാന ദിനമായ ഒക്ടോബര്‍ 29ന് രാവിലെ 9 മണിക്ക് കൃഷിമന്ത്രി, തദ്ദേശസ്വയംഭരണ മേധാവികള്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. റവന്യൂമന്ത്രിയുടെ അധ്യക്ഷതയിയിലാണ് യോഗം ചേരുന്നത്. യോഗത്തില്‍ കാര്‍ഷിക

മേഖലയിലെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ ഇടപെടലുകള്‍ കൃഷിമന്ത്രി വിലയിരുത്തും. കൃഷിവകുപ്പിന്റെ പദ്ധതികളും തദ്ദേശസ്വയംഭരണ വകുപ്പിന്റെ കാര്‍ഷിക മേഖലയിലെ പദ്ധതികളും ഏകോപിപ്പിക്കുന്ന നടപടികളും യോഗത്തില്‍ കൈകൊള്ളും. ഒല്ലൂക്കര ബ്ലോക്കിന്റെ അടുത്ത 4 വര്‍ഷത്തേക്കുള്ള വിഷന്‍ ഒല്ലൂക്കര 2026 അവതരണവും നടക്കും.

*കാര്‍ഷിക അദാലത്ത്*

കൃഷിമന്ത്രി നേരിട്ട് ഒല്ലൂക്കര ബ്ലോക്കിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേട്ട് പരിഹാര മാര്‍ഗങ്ങള്‍ കൈക്കൊള്ളുന്ന പരിപാടിയാണിത്. ഒക്ടോബര്‍ 29ന് രാവിലെ 11 മണി മുതലാണ് കാര്‍ഷിക അദാലത്ത്.

*കൃഷിക്കൂട്ട സംഗമം*

കൃഷിദര്‍ശന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ചട്ടുള്ള കൃഷിക്കൂട്ടങ്ങളുടെ ഘോഷയാത്രയും കൃഷിക്കൂട്ട സംഗമവും നടത്തും. 29ന് വൈകിട്ട് 3.30ന് ഒല്ലൂക്കര സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര വെറ്ററിനറി കോളേജ് ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനം ചേരും. റവന്യൂമന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. ബ്ലോക്കിലെ സ്മാര്‍ട്ട് കൃഷിഭവന്റെ പ്രഖ്യാപനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി കെ രാധാകൃഷ്ണനും ബ്ലോക്കിലെ മാതൃകാഹരിത പോഷക ഗ്രാമത്തിന്റെ പ്രഖ്യാപനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദുവും നടത്തും. പി ബാലചന്ദ്രന്‍ എംഎല്‍എ മികച്ച കര്‍ഷകരെ ആദരിക്കും. ചടങ്ങില്‍ ടി എന്‍ പ്രതാപന്‍ എംപി, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കര്‍ഷക പ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.