പ്രതിഭകളെ ആദരിച്ച് ‘മുന്നോട്ട് 2022’
ക്യാമ്പസുകളിലെ ലഹരിക്കെതിരായ പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ പ്രതിഭകളെ ആദരിക്കുന്നതിനായി എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘മുന്നോട്ട് 2022’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക കാലത്ത് വിദ്യാർത്ഥി സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ലഹരി എന്നും ഇതിനെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും രക്ഷകർത്താക്കളും കൈ കോർക്കണമെന്നും സ്പീക്കർ വ്യക്തമാക്കി.
ആൺ, പെൺ ഭേദമില്ലാതെ ലഹരി യുവതയെ കീഴ്പ്പെടുത്തുകയും ഇതുമായി ബന്ധപ്പെട്ട മാഫിയ സംഘങ്ങൾ പിടിമുറുക്കുകയും ചെയ്യുമ്പോൾ വിദ്യാർത്ഥികൾ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലഹരി വിരുദ്ധ ക്യാമ്പയ്നുകൾ ശക്തിപ്പെടുത്തുമെന്നും സ്പീക്കർ പറഞ്ഞു.
സമൂഹത്തിൽ കണ്ടുവരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള ചെറുത്ത് നിൽപ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തെ വക്രീകരിച്ചും ശാസ്ത്രത്തെ തള്ളി പറഞ്ഞും പുതുതലമുറയെ അന്ധവിശ്വാസത്തിലേക്കും അനാചാരങ്ങളിലേക്കും തള്ളിവിടാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെ പ്രതിരോധിക്കേണ്ടതുണ്ടെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു.
മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വടക്കാഞ്ചേരി നിയോജക മണ്ഡലം പരിധിയിലെ 600 വിദ്യാർത്ഥികളെയാണ് പരിപാടിയിൽ ആദരിച്ചത്. നൂറ് ശതമാനം വിജയം നേടിയ 17 സ്കൂളുകൾ പുരസ്കാരം ഏറ്റുവാങ്ങി. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വി എം ദേവദാസ്, കേരള ലളിതകലാ അക്കാദമി അവാർഡ് ജേതാവ് രാഹുൽ ബാലകൃഷ്ണൻ, യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾ, പൊലീസ് മെഡൽ ജേതാക്കൾ തുടങ്ങി വടക്കാഞ്ചേരിയുടെ അഭിമാനം വാനോളം ഉയർത്തിയ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിഭകളെയാണ് പരിപാടിയിൽ ഉപഹാരം നൽകി ആദരിച്ചത്.
വടക്കാഞ്ചേരി നഗരസഭ ചെയർമാനും മുന്നോട്ട് പരിപാടിയുടെ സംഘാടക സമിതി ചെയർമാനുമായ പി എൻ സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സേവ്യർ ചിറ്റിലപിള്ളി എംഎൽഎ, മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്, കേരള നിയമസഭ സെക്രട്ടറി എ എം ബഷീർ, തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി ഷീല, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആനി ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ ഉഷാദേവി ടീച്ചർ, സിമി അജിത്ത് കുമാർ, ലക്ഷ്മി വിശ്വംഭരൻ, തങ്കമണി ശങ്കുണ്ണി, ടി വി സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം പി എസ് വിനയൻ, സംഘാടക സമിതി കൺവീനറും കോലഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എം ഡി വികാസ് രാജ്, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.