ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട് നഗരസഭയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം ഈ മേഖലകളില്‍ രോഗപ്രതിരോധ നടപടികള്‍ ഉര്‍ജിതമാക്കാന്‍ തീരുമാനിച്ചു.

ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിലാണ് സാമ്പിളുകളില്‍ എച്ച്5 എന്‍ 1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഹരിപ്പാട് നഗരസഭയിലെ ഒന്‍പതാം വാര്‍ഡിലെ വഴുതാനം പടിഞ്ഞാറ്, വഴുതാനം വടക്ക് പാടശേഖരങ്ങളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്.

രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ഉടന്‍ ആരംഭിക്കും. ഇതിനായി എട്ട് ആര്‍.ആര്‍.ടി. (റാപ്പിഡ് റെസ്‌പോണ്‍സ് ടീം) കളെയും സജ്ജമാക്കിയിട്ടുണ്ട്. കള്ളിംഗ് നടത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ ഹരിപ്പാട് നഗരസഭയുടെയും പള്ളിപ്പാട് ഗ്രാമ പഞ്ചായത്തിന്റെയും അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 20,471 പക്ഷികളെയാണ് കൊന്നൊടുക്കേണ്ടി വരിക.

ഹരിപ്പാട് നഗരസഭയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും പക്ഷികളെ കൊണ്ടു വരുന്നതും കൊണ്ടു പോകുന്നതും നിരോധിച്ചു. ഇത് കൃത്യമായി നിരീക്ഷിക്കാന്‍ പോലീസ്, റവന്യൂ വകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടി ശക്തമാക്കുന്നതിന് ആരോഗ്യവകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല പോലീസ് മേധാവി ജി. ജയദേവ്, ഹരിപ്പാട് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ ശ്രീവിവേക്, സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എസ്. കൃഷ്ണകുമാര്‍, ജില്ല മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.ഡി.എസ്. ബിന്ദു, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എസ്. വിനയകുമാര്‍, എ.ഡി.സി.പി. ജില്ല കോ-ഓര്‍ഡിനേറ്റര്‍ ഡോ.സന്തോഷ് കുമാര്‍, ജില്ല സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.കെ. ദീപ്തി, ഡോ. വൈശാഖ് മോഹന്‍, എല്‍.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടര്‍ പ്രദീപ് കുമാര്‍, പഞ്ചായത്ത് ഉപഡയറക്ടര്‍ എസ്. ശ്രീകുമാര്‍, കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ പി.എ. സജീവ്കുമാര്‍, എച്ച്.എസ്. രമ്യ എസ്. നമ്പൂതിരി, ഡോ.പി.വി. വിനീഷ്, ആര്‍. ജയകുമാര്‍, ഹരിപ്പാട് നഗരസഭ സൂപ്രണ്ട് ലാല്‍ പ്രമോദ്, പള്ളിപ്പാട് പഞ്ചായത്ത് സെക്രട്ടറി ബാബുകുട്ടന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.