ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ‘നൂറ്‌കോഴിയും കൂടും പദ്ധതി’ ആരംഭിച്ച് നാലുമാസത്തിനുള്ളില്‍ തന്നെ സൂപ്പര്‍ ഹിറ്റ്. തെരഞ്ഞെടുത്ത 30 കുടുംബശ്രീ ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്കാണ് നൂറു കോഴികളെയും അവയെ പാര്‍പ്പിക്കാനുള്ള കൂടും ലഭിച്ചത്. ബി. വി 380 ഇനത്തില്‍പെട്ട മുട്ടക്കോഴികളില്‍ നിന്നും ദിവസവും 70 മുതല്‍ 85 മുട്ടകള്‍ വരെ ലഭിക്കുന്നുണ്ട്. സാധാരണ മുട്ടയെക്കാള്‍ വലിപ്പകൂടുതലുള്ള മുട്ടകള്‍ കാഴ്ചയിലും കൗതുകമുണര്‍ത്തുന്നതാണ്.
കോഴികളെ പാര്‍പ്പിക്കാന്‍ ശാസ്ത്രീയവും സുരക്ഷിതവുമായ കൂടുകളാണുള്ളത്. മാലിന്യങ്ങള്‍ ജൈവ വളമാക്കി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. ഓരോ ഗ്രൂപ്പിലും അഞ്ച് വനിതകളാണുള്ളത്. കോഴികള്‍ക്ക് തീറ്റ നല്‍കാനും മുട്ട ശേഖരിക്കാനും വില്പനയ്ക്കും ഇവര്‍ ഒരു മനസോടെ പ്രവര്‍ത്തിക്കുന്നു. ഏഴ് രൂപയാണ് ഒരു മുട്ടയുടെ വില. വ്യാപാരകേന്ദ്രങ്ങളില്‍ നിന്നും പരിസര പ്രദേശത്തു നിന്നും മുട്ട വാങ്ങാനായി ധാരാളം ആളുകള്‍ എത്തുന്നുമുണ്ട്. മുട്ടക്കോഴി വളര്‍ത്തല്‍ വിജയം കണ്ടതോടെ വിപുലമായ കോഴി ഫാമും ജൈവ കൃഷിയും പരീക്ഷിക്കാന്‍ തയ്യാറെടുക്കുകയാണ് ചിറയിന്‍കീഴിലെ വനിതാകൂട്ടായ്മകള്‍.