33.52 കോടി രൂപയുടെ ആരോഗ്യ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവ സമര്‍പ്പിച്ച 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആരോഗ്യ മേഖല കര്‍മ്മപദ്ധതിക്കാണ് യോഗം അംഗീകാരം നല്‍കിയത്. ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകള്‍, ഏഴ് ബ്ലോക്ക് പഞ്ചായത്തുകള്‍, ആറ് നഗരസഭകള്‍ എന്നിവ സമര്‍പ്പിച്ച കര്‍മ്മപദ്ധതികളുടെ അടങ്കല്‍ തുകയാണ് 33.52 കോടി രൂപ.

യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വാര്‍ഷിക പദ്ധതി ചെലവ് പുരോഗതി വിലയിരുത്തി. സംസ്ഥാന തലത്തില്‍ വാര്‍ഷിക പദ്ധതി ചെലവ് വിനിയോഗിക്കുന്നതില്‍ ആലപ്പുഴ ജില്ല രണ്ടാം സ്ഥാനത്താണ്. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച് അതീവ ദരിദ്രര്‍ക്കായുള്ള കര്‍മ്മപദ്ധതിയും യോഗം അംഗീകരിച്ചു.

ജില്ല ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ല പ്ലാനിംഗ് ഓഫീസര്‍ എസ്. സത്യപ്രകാശ്, ആര്‍ദ്രം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ദീവര്‍ പ്രഹ്ലാദ്, ഡി.പി.സി അംഗങ്ങള്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.