*നവംബറില്‍ പഞ്ചായത്ത് തല ജനകീയ സമിതികള്‍ രൂപീകരിക്കും

‘നീര്‍ധാര’  പദ്ധതിയുടെ വാമനപുരം മണ്ഡലത്തിന്റെ ജനകീയ സമിതി രൂപീകരിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട നേതൃതല കണ്‍വെന്‍ഷന്‍ ഡി.കെ മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ‘തെളിനീരിനൊപ്പം തെളിനേരിനൊപ്പം ‘ എന്ന ആപ്തവാക്യത്തോടെ പരിപൂര്‍ണ്ണമായ ജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

വാമനപുരം നദിയുടെയും അനുബന്ധ നീര്‍ച്ചാലുകളുടെയും ശുദ്ധീകരണത്തിനും സംരക്ഷണത്തിനുമായി തയ്യാറാക്കിയ പദ്ധതിയാണ് ‘നീര്‍ധാര’.  നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി 2022 മുതല്‍ 2025 വരെയുള്ള കാലയളവില്‍ പദ്ധതി പൂര്‍ത്തിയാക്കും. ഇതിനായി  തയ്യാറാക്കിയ വിശദമായ ഡി.പി.ആര്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തിരുന്നു.

പരിപാടിയില്‍ പദ്ധതിയുടെ  പ്രവൃത്തി കലണ്ടര്‍ അവതരിപ്പിച്ചു. വാമനപുരം മണ്ഡലത്തിലുള്‍പ്പെട്ട ഒമ്പത് ഗ്രാമപഞ്ചായത്തുകളിലും നവംബര്‍ ഒന്ന് മുതല്‍ 15 നകം പഞ്ചായത്ത് തല ജനകീയ സമിതികള്‍ രൂപീകരിക്കും. നവംമ്പര്‍ 16 മുതല്‍ ഡിസംബര്‍ 20 നകം പ്രാദേശിക സമിതികള്‍ രൂപീകരിക്കും. നീര്‍ച്ചാലുകളുടെ സമീപ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്  രണ്ട്  കിലോമീറ്ററില്‍ കവിയാത്ത ദൂരമാണ് പ്രവര്‍ത്തന പരിധി. തുടര്‍ന്ന് ജനകീയ കണ്‍വെന്‍ഷന്‍ ജനുവരി ഒന്നിന്  സംഘടിപ്പിക്കും.  പാലോട് വൃന്ദാവനം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം അധ്യക്ഷത വഹിച്ചു.  മണ്ഡലത്തിലെ ജനപ്രതിനിധികളും നിര്‍വ്വഹണ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.