നീരുറവ് പദ്ധതിയുടെ ഭാഗമായി പുതുക്കാട് ഗ്രാമപഞ്ചായത്തിലെ പാപ്പിനിപ്പാടം നീര്‍ത്തടം. പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ബ്ലോക്കിലെ ഒരു പഞ്ചായത്തിലെ നീര്‍ത്തടമാണ് നടത്തിപ്പിനായി തെരഞ്ഞെടുക്കുക. അഞ്ച് വാര്‍ഡുകളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട നീര്‍ത്തടമാണ് പാപ്പിനിപ്പാടം. മാട്ടുമല്ല (വാര്‍ഡ് 6), ശാന്തിനഗര്‍ (വാര്‍ഡ് 7), ചെങ്ങാലൂര്‍ (വാര്‍ഡ് 9), എസ്എന്‍ പുരം (വാര്‍ഡ് 10), രണ്ടാംകല്ല് (വാര്‍ഡ് 11) എന്നീ വാര്‍ഡുകളിലായി 327 ഹെക്ടര്‍ വിസ്തൃതിയിലാണ് പാപ്പിനിപ്പാടം നീര്‍ത്തടം വിന്യസിച്ചിരിക്കുന്നത്.

മണ്ണ്, ജല സംരക്ഷണത്തിനൊപ്പം ജൈവസമ്പത്ത് വര്‍ദ്ധിപ്പിച്ച് കാര്‍ഷികാഭിവൃദ്ധിയും ജനങ്ങളുടെ ഉപജീവന സ്ഥിതിയും മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തോടിന്റെ നീരൊഴുക്ക് സാധ്യമാക്കുന്ന പ്രവര്‍ത്തനം, മലിനീകരണം തടയല്‍, പ്രദേശത്തെ വീടുകളിലെ കിണര്‍ റീച്ചാര്‍ജിംഗ്, മാലിന്യ സംസ്‌കരണം, ജലസ്രോതസുകള്‍ പുനരുജ്ജീവിപ്പിക്കല്‍ തുടങ്ങിയവയും നീരുറവിലൂടെ യാഥാര്‍ത്ഥ്യമാകും. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നീരുറവ് പദ്ധതി നടപ്പാക്കുന്നത്.

നീരുറവ് പദ്ധതിരേഖ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കെ കെ രാമചന്ദ്രന്‍ എംഎല്‍എ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ എം ബാബുരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സരിത രാജേഷ്, വി എസ് പ്രിന്‍സ്, ബ്ലോക്ക്-പഞ്ചായത്ത് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു. ബിഡിഒ അജയഘോഷ് പി ആര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.