കൃഷിമന്ത്രിയുടെ പ്രാദേശിക കാർഷിക വിലയിരുത്തൽ യജ്ഞവുമായി ബന്ധപ്പെട്ട് മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ കൃഷിയും മൂല്യവർദ്ധനവും എന്ന ആശയത്തിലൂന്നി നടക്കുന്ന കാർഷികമേളയിൽ വേറിട്ട പ്രദർശനവുമായി കേരള കാർഷിക സർവകലാശാല. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സ്വന്തം വരുമാനം വർദ്ധിപ്പിച്ച സംരംഭകരെയും അവരുടെ ഉൽപ്പന്നങ്ങളെയുമാണ് കാർഷിക സർവകലാശാല വേദിയിലൂടെ പരിചയപ്പെടുത്തുന്നത്.
ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് വിത്ത് മുതൽ വിപണി വരെ പച്ചക്കറി കൃഷിയെ നവീകരിക്കാനുതകുന്ന മാർഗങ്ങൾ പ്രദർശനശാലയിൽ നിന്ന് മനസിലാക്കാം. വാഴയിൽ നിന്നും തേനിൽ നിന്നുമുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് ഇവിടെ പ്രത്യേകമായ ഊന്നൽ നൽകിയിട്ടുണ്ട്. ചെറുകിട വ്യവസായികൾ, വീട്ടമ്മമാർ, കർഷക കൂട്ടായ്മകൾ, ആദിവാസി മേഖലയിലെ കർഷകർ തുടങ്ങി വിവിധ പശ്ചാത്തലങ്ങളിലുള്ള സാധാരണക്കാരാണ് കാർഷിക സർവ്വകലാശാലയുടെ കൈപിടിച്ച് സംരംഭകരായി സ്വന്തം വരുമാനം വർദ്ധിപ്പിച്ചിട്ടുള്ളത്.
വിജ്ഞാന വ്യാപന ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ കൃഷി വിജ്ഞാനകേന്ദ്രം ,അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ, കൊക്കോ ഗവേഷണ കേന്ദ്രം, കശുമാവ് ഗവേഷണ കേന്ദ്രം, വാഴ ഗവേഷണ കേന്ദ്രം, തേനീച്ച ഗവേഷണ വിഭാഗം, പച്ചക്കറി ശാസ്ത്ര വിഭാഗം എന്നീ സ്ഥാപനങ്ങളാണ് തങ്ങൾ പരിശീലിപ്പിച്ച സംരംഭകരെയും അവരുടെയെല്ലാം വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളെയും മേളയിൽ അണിനിരത്തിയത്. പ്രാദേശികമായി നിർമ്മിക്കാവുന്ന ചോക്ലേറ്റ്, കരിക്കിൽ നിന്നുള്ള സ്മൂത്തി, പാഴായിപ്പോകുന്ന ഉണ്ണിപ്പിണ്ടിയിൽ നിന്നും കശുമാങ്ങയിൽ നിന്നും ഉണ്ടാക്കുന്ന അതീവ രുചികരമായ ജ്യൂസുകൾ എന്നിവ ഈ മേളയിലെ ആകർഷണങ്ങളാണ്. തേങ്ങ, ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം, തേൻ തുടങ്ങിയവയിൽ നിന്ന് അതിനൂതനമായ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും, പരമ്പരാഗത ഉൽപ്പന്നങ്ങളും നിയമാനുസൃതം ഉണ്ടാക്കാനും, ആകർഷകമായി പാക്ക് ചെയ്യാനും, വിപണനം നടത്തി സുസ്ഥിര വരുമാനം ഉണ്ടാക്കാനും വേണ്ടിയുള്ള എല്ലാ സഹായങ്ങളും നിർദ്ദേശങ്ങളും സംരംഭകർക്ക് നൽകുന്നത് കാർഷിക സർവകലാശാലയാണ്.