പുരപ്പുറ സൗരോര്‍ജ പദ്ധതിയില്‍ ഗാര്‍ഹിക ഉപഭോക്തക്കള്‍ക്ക് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി കെഎസ്ഇബിയുടെ നേതൃത്വത്തില്‍ സ്പോട്ട് രജിസ്ട്രേഷന്‍ സംഘടിപ്പിച്ചു. കലക്ടറേറ്റ് കോമ്പൗണ്ടില്‍ നടന്ന രജിസ്ട്രേഷന്‍ ജില്ല കലക്ടര്‍ ഹരിത വി കുമാര്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി ‘സൗര’, പി എം കുസും, പുനരുല്‍പ്പാദന ഊര്‍ജ്ജ വകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് 3 കിലോവാട്ട് വരെ 40% സബ്സിഡിയും, 3 മുതല്‍ 10 കിലോവാട്ട് വരെ 20% സബ്സിഡിയും ലഭ്യമാണ്. കെഎസ്ഇബിയുടെ ഇ-കിരണ്‍ പോര്‍ട്ടല്‍ വഴി കണ്‍സ്യൂമര്‍ നമ്പര്‍ ഉപയോഗിച്ച് സ്വയം രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രവീണ്‍ എം എ, ഈസ്റ്റ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സാദിക്ക്, ജില്ല സൗര കോര്‍ഡിനേറ്റര്‍മാരായ സെബി, പ്രകാശ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കെഎസ്ഇബി എംപാനല്‍ ചെയ്തിട്ടുള്ള പത്തു ഡെവലപ്പര്‍മാര്‍ സ്‌പോട്ട് രജിസ്‌ട്രേഷനില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പറായ 1912ല്‍ ബന്ധപ്പെടുക.