മറ്റത്തൂര്‍ പഞ്ചായത്തിലെ, കോടാലി ഗവ.എല്‍പി സ്‌കൂളിന്റെ മുഴുവന്‍ പ്രവര്‍ത്തനവും ഇനി സൗരോര്‍ജ്ജ കരുത്തില്‍. വിദ്യാഭ്യാസ വകുപ്പിലെ 2021-22 വര്‍ഷത്തെ എസ്എസ്‌കെ ഫണ്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് 10 സോളാര്‍ പാനലുകള്‍ സ്‌കൂളില്‍ സ്ഥാപിച്ചു.

പൂര്‍ണമായി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന പുതുക്കാട് മണ്ഡലത്തിലെ ആദ്യ വിദ്യാലയമാണ് കോടാലി ഗവ.എല്‍പി സ്‌കൂള്‍. ഒരു ദിവസം 5000 വോള്‍ട്ട് യൂണിറ്റ് വൈദ്യുതി ലഭിക്കും. അനര്‍ട്ടാണ് പ്ലാന്റ് നിര്‍മിച്ചത്. 1952-ലാണ് കോടാലിയില്‍ സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത്. 946 വിദ്യാര്‍ത്ഥികളും 31 അധ്യാപകരുമടങ്ങുന്ന വിദ്യാലയം മികച്ച വിദ്യാലയങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

സൗര പാനലിന്റെ പ്രവര്‍ത്തനോദ്ഘാടനം കെ കെ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംആര്‍ രഞ്ജിത്ത് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിജില്‍ വിഎസ്, സനല ഉണ്ണികൃഷ്ണന്‍, സൂരജ് കെഎസ്, ദിവ്യ സുധീഷ്, ഹിതേഷ് കെടി, കൊടകര ബിപിസി നന്ദകുമാര്‍ കെ, കെഎസ്ഇബി സബ് എന്‍ജിനീയര്‍ ഷംനാദ്, സ്‌കൂള്‍ പ്രധാന അധ്യാപിക ശകുന്തള ടിഎം, പിടിഎ പ്രസിഡന്റ് പിഎസ് പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.