കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ നവീന ആശയമായ ‘വണ്‍ സ്റ്റേഷന്‍ വണ്‍ പ്രോഡക്ട്’ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഉത്പന്ന വിപണന മേള തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുംബശ്രീ ബി.എന്‍.എസ്.ഇ.പി ചെയര്‍പേഴ്‌സണ്‍ രജനി ഹരിഹരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ മഞ്ജീഷ് വി എം ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് കുടുംബശ്രീയുടെ

നേതൃത്വത്തില്‍ ചേര്‍പ്പ് ബ്ലോക്കില്‍ ആരംഭിച്ചിട്ടുള്ള എന്റര്‍പ്രൈസസ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ നേതൃത്വത്തിലാണ് വിപണനമേള ആരംഭിച്ചിട്ടുള്ളത്. കറിപൗഡര്‍, പ്ലാസ്റ്റിക് പൂക്കള്‍, സ്‌ക്വാഷ്, അച്ചാറുകള്‍, അരിപ്പൊടി, കൊണ്ടാട്ടം, ഹാന്‍ഡ് വാഷ്, ഡിഷ് വാഷ്, കുടംപുളി, ഫാന്‍സി കമ്മലുകള്‍ മുതലായവ ഒരുക്കിയിട്ടുണ്ട്. ബ്ലോക്കിലെ എം.ഇ.സിമാര്‍, സംരംഭകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. നവംബര്‍ 9 വരെയാണ് വിപണനമേള സംഘടിപ്പിക്കുന്നത്.