അരുവിത്തുറ സെന്റ് ജോർജ്ജ് കോളജിൽ ഫോട്ടോ-വീഡിയോ പ്രദർശനം
സ്വതന്ത്ര ഭാരതത്തിനായി നമ്മുടെ പൂർവികർ അനുഭവിച്ച ജീവത്യാഗത്തിന്റെയും കഷ്ടപ്പാടിന്റെയും ഫലമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും പുരോഗതിയുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ്ജ് കോളജിൽ നിയമസഭാ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫോട്ടോ-വീഡിയോ പ്രദർശനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിനായുള്ള ത്യാഗം മറന്ന് ഒരു ഭാരതീയനും മുൻപോട്ട് പോകാൻ സാധിക്കില്ലെന്നും അവർ
നേടിത്തന്ന സ്വാതന്ത്ര്യവും ദേശീയ ബോധവും കാത്ത് സൂക്ഷിക്കേണ്ടത് യുവതലമുറയുടെ കടമയാണെന്നും എം.എൽ.എ. പറഞ്ഞു.
ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൾ ഖാദർ അധ്യക്ഷയായി. അലിഗഡ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.പി.കെ. അബ്ദുൾ അസീസ് മുഖ്യപ്രഭാഷണം നടത്തി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിജി ജോർജ്ജ് കല്ലങ്ങാട്ട്, ഗീതാ നോബിൾ, ജോർജ്ജ് മാത്യു അത്തി യാലിൽ, കെ.സി. ജയിംസ്, നഗരസഭാംഗം ലീന ജയിംസ്, നിയമസഭ സെക്രട്ടറിയേറ്റ് ജോയിന്റ് സെക്രട്ടറി ജി.പി. ഉണ്ണിക്കൃഷ്ണൻ, സെന്റ് ജോർജ്ജ് കോളജ് അരുവിത്തുറ മാനേജർ ഫാ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ, പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, കോഴ്സ് കോ-ഓർഡിനേറ്റർ ഫാ. ജോർജ്ജ് പുല്ലുകാലായിൽ എന്നിവർ പ്രസംഗിച്ചു.
സ്വാതന്ത്ര്യസമര ചരിത്രം വിശദീകരിക്കുന്ന അപൂർവങ്ങളായ ഫോട്ടോകളുടെയും ലഘു വീഡിയോകളുടെയും വിപുലമായ ശേഖരമാണ് പ്രദർശനത്തിലുള്ളത് സ്‌കൂൾ-കോളജ് വിദ്യാഥികൾക്കും, പൊതുജനങ്ങൾക്കും പ്രദർശനം സൗജന്യമായി കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
പ്രദർശനം ഇന്ന് ( ശനി, ഒക്ടോബർ 29) അവസാനിക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണ് പ്രദർശനം. ഇന്നു രാവിലെ 11ന് ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തും. 11.45 ന് കേരള നിയമസഭ മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡീസ് വിഭാഗവും യൂണിസെഫും സംയുക്തമായി വിദ്യാർഥി യുവജന പ്രതിനിധികൾക്കായി കാലാവസ്ഥാ വ്യതിയാനം, ദുരന്ത നിവാരണം എന്നീ വിഷയങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.