കന്നു കാലികള്‍ക്കും മറ്റു വളര്‍ത്തു മൃഗങ്ങള്‍ക്കും പെട്ടന്ന് ഉണ്ടാകുന്ന അസുഖങ്ങള്‍ക്കും കുത്തിവയ്പ്പിനും മറ്റു അത്യാഹിത സന്ദര്‍ഭങ്ങളിലും ഉപയോഗപ്പെടുത്താനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിന്റെ സേവനം എല്ലാ ജില്ലകളിലും നടപ്പാക്കുമെന്ന് ക്ഷീര വികസന മൃഗ സംരക്ഷണ മന്ത്രി ജെ. ചിഞ്ചു റാണി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഉത്പാദന ചെലവാണ് കേരളത്തിലെ ക്ഷീരകര്‍ഷകരെ ഏറ്റവും കൂടുതല്‍ അലട്ടുന്നത്. ഇതിനൊരു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിന്റെ ഭാഗമായി പച്ച പുല്ല് വ്യാപകമായി വളര്‍ത്താനുള്ള സബ്സിഡി അടക്കമുള്ള എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കൃഷി വകുപ്പിന്റെ സഹായത്തോടെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ചോളം ഉള്‍പ്പെടെയുള്ള കൃഷി വ്യാപകമാക്കും. കാലിത്തീറ്റയിലും കോഴിത്തീറ്റയിലും വരുന്ന കൃത്രിമത്വം ഒഴിവാക്കാനായി നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചിട്ടുണ്ട്. നിയമം വരുന്നതോടെ വളര്‍ത്തു മൃഗങ്ങളുടെ തീറ്റയില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ കൃത്യമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് വില്‍ക്കാൻ അനുവദിക്കൂ. കോവിഡ് പ്രതിസന്ധിയിലും മികച്ച പ്രവര്‍ത്തനമാണ് കേരളത്തിലെ ക്ഷീരകര്‍ഷകര്‍ കാഴ്ചവെച്ചത്. പാലുത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള വഴിയിലാണ് സംസ്ഥാനമെന്നും ക്ഷീരമേഖലയുടെ വികസനത്തിനായി വകുപ്പും സ്ഥാപനങ്ങളും ഊര്‍ജസ്വലമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ദലീമ ജോജോ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. കന്നുകാലി പ്രദര്‍ശന മത്സരം തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്തു. ഉരുക്കളുടെ മൂല്യനിര്‍ണയം, മൃഗസംരക്ഷണ ക്യാമ്പ്, മികച്ച ക്ഷീര കര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളും നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഡി. വിശ്വംഭരന്‍, ടി.എസ്. സുധീഷ്, ധന്യ സന്തോഷ്, അഷ്‌റഫ് വെള്ളേഴത്ത്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ദേവാനന്ദ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ. ജനാര്‍ദനന്‍, മണപ്പുറം ക്ഷീരസംഘം പ്രസിഡന്റ് എം.കെ. ഷാജി, ക്ഷിര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. വീണ തുടങ്ങിയവര്‍ പങ്കെടുത്തു.