വിദ്യാർത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസം കൂട്ടികളിൽ ആത്മവിശ്വാസം വളർത്തി : മന്ത്രി ആർ.ബിന്ദു
പുതുതലമുറയ്ക്ക് അന്യമായ ഓലക്കുടിൽ, ചാന്ത് കൊണ്ടെഴുതിയ മുറ്റം, പ്രകൃതിയുടെ ഊഷ്മളത നിറഞ്ഞ ഉദ്യാനം, കളിക്കാനും രസിക്കാനുമായി ഊഞ്ഞാലും തീവണ്ടിയും നിറഞ്ഞ പാർക്ക് ….വരടിയം ജിയുപിഎസ് സ്‌കൂളില്‍ നിര്‍മ്മിച്ച പ്രീ സ്‌കൂള്‍ കെട്ടിടം ‘മാമ്പു’ ആണ് അന്താരാഷ്ട്ര മാതൃകയില്‍ കുരുന്നുകൾക്ക് വേറിട്ട അനുഭവമാകുന്നത്. കുട്ടികളുടെ പഠനത്തിനൊപ്പം പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പ്രീ സ്‌കൂള്‍ കെട്ടിടം വിദ്യാലയ അങ്കണത്തില്‍ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു കുരുന്നുകൾക്ക് തുറന്ന് നൽകി.
പ്രൈമറി സ്കൂൾ വിദ്യാഭ്യാസമാണ് കുട്ടികളുടെ വിദ്യാഭ്യാസ കാലഘട്ടത്തിന്റെ ആദ്യപടി. അമ്മയുടെ മടിത്തട്ടിൽ നിന്ന് കടന്നുവരുന്ന കുരുന്നുകൾക്ക് കുടുംബത്തിന്റെ അന്തരീക്ഷം ആയിരിക്കണം വിദ്യാലയങ്ങളിൽ ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു.
കുട്ടികളിലെ സവിശേഷമായ കഴിവുകളും വാസനകളും സ്വതന്ത്രമായി വികസിപ്പിച്ചെടുക്കാൻ സാധിക്കണം. അതിനുവേണ്ട സാധ്യതകൾ കൃത്യമായി ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും സർക്കാർ സംവിധാനത്തിന് ഇത്തരം ഒരു മാതൃക വിദ്യാലയം സമ്മാനിക്കാനായത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസം നടപ്പിലാക്കാൻ സാധിച്ചെന്നും അത് കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെന്നും മന്ത്രി പറഞ്ഞു. മാമ്പു പ്രൈമറി സ്കൂൾ രൂപകൽപ്പന ചെയ്ത വരടിയം സ്വദേശിയും പട്ടിക്കാട് ഗവൺമെന്റ് സ്കൂളിലെ ചിത്രകലാധ്യാപകനുമായ പി ജി ഹരീഷിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
സമഗ്ര ശിക്ഷാകേരളം അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് പുഴയ്ക്കൽ ബി ആർ സി യുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിച്ച പ്രീ പ്രൈമറി സ്കൂളായ “മാമ്പൂ” വിൽ കളികളിലൂടെ കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 30 ടീമുകളെ ഉൾക്കൊള്ളിച്ച് 13 പ്രവർത്തനം ഇടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഹരിതോധ്യാനം, സർഗാത്മക ഇടം, ശാസ്ത്രയിടം, വരയിടം, ഗണിതയിടം, ആകാശക്കാഴ്ച, ലോകം വിരൽത്തുമ്പിൽ, ഭാഷാ വികസനയിടം, നിർമ്മാണയിടം, വായനയിടം, സംഗീതയിടം എന്നിങ്ങനെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് മുമ്പിൽ ജ്ഞാനത്തിന്റെ വിശാലമായ ലോകമാണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്.
സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ടിവി മദനമോഹനൻ, അവണൂർ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, സമഗ്ര ശിക്ഷാ കേരള ഡി പി സി ഡോ. എൻ ജെ ബിനോയ്, സ്കൂൾ പ്രധാന അധ്യാപിക സിന്ധു ഇ ആർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.