കുടിവെള്ള കണക്ഷൻ ആവശ്യപ്പെട്ട മുഴുവൻ വീടുകളിലും ശുദ്ധജല കണക്ഷൻ എത്തിച്ച് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്‌. 2019 ൽ കേരള വാട്ടർ അതോറിറ്റി 18കോടി ചിലവിൽ അനുവദിച്ച കുടിവെള്ള പദ്ധതിയുടെയും ജലജീവൻ മിഷൻ വഴി അനുവദിച്ച ആറര കോടി പദ്ധതിയുടെയും ആഭിമുഖ്യത്തിലാണ് മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിച്ചിരിക്കുന്നത്.

പഞ്ചായത്തിൽ പുതിയതായി 240 ഓളം പേർ കുടിവെള്ള കണക്ഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർക്ക് കൂടി കണക്ഷൻ നൽകുന്നതിനുള്ള പ്രവർത്തി പുരോഗമിക്കുകയാണെന്നും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി വിജിലേഷ് പറഞ്ഞു.

നിലവിൽ 29 ജലനിധി പദ്ധതികളിലായി ആയിരത്തോളം കുടിവെള്ള കണക്ഷനുകൾ പഞ്ചായത്തിലുണ്ട്. കുന്നുമ്മൽ കുടിവെള്ള പദ്ധതി മുഖേന 3500 പുതിയ പൈപ്പ് കണക്ഷനുകൾ ഇതിനോടകം നൽകിക്കഴിഞ്ഞു. ഇതിനു പുറമേ പഞ്ചായത്തിലെ 20 അംഗനവാടികളിലും 11 സ്കൂളുകളിലും മുഴുവൻ പൊതു സ്ഥാപനങ്ങളിലും പദ്ധതി മുഖേന കുടിവെള്ളം നൽകിയതായും വൈസ് പ്രസിഡന്റ്‌ പറഞ്ഞു.

പദ്ധതിയുടെ നിർവഹണ ഏജൻസിയായ കേരള വാട്ടർ അതോറിറ്റിയും കരാറുകാരും സഹായ സ്ഥാപനമായ സ്റ്റാർസും പദ്ധതിയുമായി ബന്ധപ്പെട്ട് നല്ല പിന്തുണയാണ് നൽകിയത്. പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും ജലശ്രീ ക്ലബ്ബുകൾ രൂപീകരിച്ച പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ശുദ്ധജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി വാർഡുകളിൽ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കാറുണ്ടെന്നും
വൈസ് പ്രസിഡന്റ്‌ പറഞ്ഞു.

കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരം ലക്ഷ്യം പൂർത്തീകരിച്ചു കൊണ്ട് ഹർ ഘർ ജൽ പ്രഖ്യാപനം പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് വികെ റീത്ത പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് വി വിജലേഷ് അധ്യക്ഷത വഹിച്ചു. വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അരുൺ കുമാർ പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സജിത സിപി, റീന സുരേഷ്, ഹേമ മോഹൻ, സ്റ്റാർസ് ഡയറക്ടർ ഫാ: ജോസ് പ്രകാശ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.