കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിർമാണം പൂർത്തിയായ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു
മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുമെന്നും ജില്ലയിൽ വിദ്യാഭ്യാസ കോംപ്ലക്സ് ഒരുക്കുമെന്നും കേരള പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. താനൂർ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിർമാണം പൂർത്തീകരിച്ച ക്ലാസ്മുറി, കിച്ചൺ കം ഹാൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തി മത്സര പരീക്ഷകളിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ പദ്ധതികൾ ആവിഷ്കരിക്കും. കേരളത്തിലെ വിദ്യാഭ്യാസരംഗം പൊതുജനങ്ങൾ ഏറ്റെടുത്തിരിക്കുന്ന സവിശേഷ സാഹചര്യത്തിലൂടെയാണ് നമ്മൾ മുന്നോട്ടു പോകുന്നത്. ഒരു വർഷം കഴിഞ്ഞ് സ്കൂളുകളിലെത്തുന്ന പാഠപുസ്തകം തയ്യാറാക്കുന്നത് എല്ലാവരുടെയും അഭിപ്രായം സ്വീകരിച്ചാണ്. പൊതുജനങ്ങൾ, വിദ്യാർഥികൾ, പിടിഎ എന്നിവർ ഇതിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനായി. മലപ്പുറം ഡി.ഡി.ഇ കെ.പി രമേഷ്കുമാർ പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ തീം സോങ്ങ് ഋതുമർമരങ്ങൾ മന്ത്രി വി.അബ്ദുറഹിമാൻ പ്രകാശനം ചെയ്തു.
താനൂർ നഗരസഭ ചെയർമാൻ പി.പി ഷംസുദീൻ, വൈസ് ചെയർപേഴ്സൺ സി.കെ സുബൈദ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ. ജയപ്രകാശ്, സി.കെ.എം ബഷീർ, പി. ജസ്നബാനു, പ്രിൻസിപ്പൽ ജി. ബിന്ദു, സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം പി.ടി അക്ബർ, നഗരസഭ കൗൺസിലർമാരായ സുചിത്ര സന്തോഷ്, ആരിഫ സലീം, രാധിക ശശികുമാർ, മലപ്പുറം ആർഡിഡി സി മനോജ്കുമാർ,വിദ്യാകിരണം ജില്ലാ കോ- ഓർഡിനേറ്റർ എം.മണി, തിരൂരങ്ങാടി ഡി.ഇ.ഒ പി.പി റുഖിയ, ഹെഡ്മാസ്റ്റർ കെ.കെ സുധാകരൻ , താനൂർ ഏ.ഇ.ഒ എൻ.എം ജാഫർ, ബിആർസി ട്രെയിനർ വി ആർ ഗിരിധർ, സി.പി അലി, അജിത്ബാൽ, ഷെറീന, ഇ ജയൻ, സി.പി അശോകൻ, കെ. ജനചന്ദ്രൻ, കെ കുമാരൻ, എ
കെ സിറാജ്, മേച്ചേരി സൈതലവി, സന്തോഷ്കുമാർ, പി. വി വേണുഗോപാലൻ, ഒ.സലിം, കെ. വിവേകാനന്ദൻ, എൻ.സോയ എന്നിവർ സംസാരിച്ചു.
മൂന്ന് കോടിയുടെ കിഫ്ബി ഫണ്ടും 22 ലക്ഷം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടും ഉപയോഗിച്ചാണ് ക്ലാസ് മുറി കെട്ടിടത്തിന്റെയും കിച്ചണ്‍ കം ഹാളിന്റെയും നിർമാണം പൂർത്തീകരിച്ചത്.പരിപാടിയുടെ മുന്നോടിയായി നടന്ന ഘോഷയാത്ര എല്‍പി വിഭാഗത്തില്‍ നിന്ന് ആരംഭിച്ചു. ശതാബ്ദി ആഘോഷ കമ്മിറ്റി, പിടിഎ, എസ്.എം.സി എന്നിവയുടെ നേതൃത്വത്തില്‍ കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍, കുട്ടികള്‍ എന്നിവര്‍ ഘോഷയാത്രയിൽ അണിനിരന്നു. പരിപാടിയുടെ ഭാഗമായി പിന്നണിഗായകന്‍ എടപ്പാള്‍ വിശ്വനാഥും സംഘവും അവതരിപ്പിച്ച ഗാനമേളയും വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.