ചെറിയമുണ്ടം ഐടിഐയിൽ വനിതകളുടെ എബിലിറ്റി സെൻറർ നിർമിക്കുന്നതിന് തൊഴിൽ വകുപ്പിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ചതായി കേരള പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചെറിയമുണ്ടം സർക്കാർ ഐടിഐയിൽ നിർമാണം പൂർത്തിയാക്കിയ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2010ൽ 33 ഐടിഐകൾ എന്നത് 2022ൽ 105 ഐടിഐകളായി വർധിച്ചു. എസ്.സി , എസ് ടി വിഭാഗത്തിന് 44 ഐടിഐകളുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം അഞ്ച് ഐടിഐകളാണ് പ്രഖ്യാപിച്ചത്. തീരദേശം മലയോര മേഖലകളിൽ രണ്ട് ഐടിഐകൾ തുടങ്ങാൻ മറ്റൊരു തുകയും മാറ്റിവെച്ചിട്ടുണ്ട്. അഡ്മിഷൻ പ്രക്രിയ ഓൺലൈൻ വഴി ആക്കിയതിനാൽ സുതാര്യത കൊണ്ടുവരാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.ട്രേഡുകളിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരികയും ഐ.ടി.ഐകൾ കേന്ദ്രീകരിച്ച് പ്രൊഡക്ഷൻ സെന്ററുകൾ ആരംഭിക്കുകയും ചെയ്യും. മുഴുവൻ ഐടിഐ കളിലും പോഷകാഹാരം പദ്ധതി ആവിഷ്കരിക്കുന്നത് ഗവൺമെന്റിൻ്റെ പരിഗണനയിലുണ്ട്. ഐടിഐകളിൽ അഡ്മിഷൻ നേടുന്ന മുഴുവൻ കുട്ടികളെയും ഇൻഷൂർ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു

ചടങ്ങിൽ ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ചെറിയമുണ്ടം ഐടിഐയിലേക്കുള്ള റോഡ് വികസനത്തിന് ഒരു കോടി രൂപയും കൂടാതെ സ്ഥാപനത്തിന് സ്വന്തമായി മിനി ബസ് വാങ്ങുന്നതിനുള്ള തുകയും എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.അഡീഷണൽ ഡയറക്ടർ ഓഫ് ട്രെയിനിങ് കെ.പി ശിവശങ്കരൻ, ചെറിയ മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസിയ സുബൈർ, പഞ്ചായത്ത് അംഗങ്ങളായ നസീമ റഷീദ്, സുലൈമാൻ, ചെറിയമുണ്ടം ഐടിഐ പ്രിൻസിപ്പൽ ആർ.കെ സലിം,പിടിഎ പ്രസിഡന്റ് സിദ്ദീഖ്, വിവിധ പാർട്ടി പ്രതിനിധികളായ മയൂര ജലീൽ, ഉസ്മാൻ ഹാജി, രാധാകൃഷ്ണൻ, മുഹമ്മദ് ചേനാത്ത്, സലാം ചക്കാലക്കൽ, ഗിരീഷ് കുമാർ, അവറാൻ ഹാജി, ഉണ്ണികൃഷ്ണൻ എൻ വി, കുടുക്കിൽ ചന്ദ്രൻ, ശശികുമാർ, ഇസ്മായിൽ ഇളംകുളത്ത്, സീനത്ത് ഇസ്മായിൽ, എം ഇബ്രാഹിം ഹാജി, സാജിദ് അബ്ബാസ്, മുരളി തായാട്ട് , റിൻഷാദ്, മഹറൂഫ് പങ്കെടുത്തു.

ചടങ്ങിൽ വിവിധ മേഖലകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. പഠനം പൂർത്തിയാക്കിവർക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. ചെറിയമുണ്ടം സ്കൂളിൽ പഠിക്കുന്ന ഏഴാം ക്ലാസുകാരി ഫാത്തിമ ഹുദ വരച്ച മന്ത്രിമാരുടെ ഛായാ ചിത്രങ്ങൾ മന്ത്രിമാർക്ക് സമർപ്പിച്ചു.