ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തില്‍ ആവിഷ്‌കരിച്ച പൊലിമ പുതുക്കാടിന്റെ ലോഗോ കൃഷിമന്ത്രി പി പ്രസാദ് പ്രകാശനം ചെയ്തു. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ കെകെ രാമചന്ദ്രന്‍ എംഎല്‍എ മന്ത്രിക്ക് നല്‍കിയാണ് ലോഗോ പ്രകാശനം ചെയ്തത്. തൃശൂര്‍ ആര്‍ട്‌സ് കോളേജ് വിദ്യാര്‍ത്ഥികളാണ് ലോഗോ തയ്യാറാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ നിരവധി പദ്ധതികളെ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ 40,000ല്‍ പരം സ്ത്രീകളെ കൃഷിയിലേയ്ക്ക് നയിക്കുന്ന പദ്ധതിയാണ് ‘പൊലിമ പുതുക്കാട്’.

റവന്യൂമന്ത്രി കെ രാജന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംആര്‍ രഞ്ജിത്ത്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇകെ അനൂപ്, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെഎം ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം വിഎസ് പ്രിന്‍സ്, ഡോ.ബി അശോക്, ടിവി സുഭാഷ്, ജില്ല കൃഷി ഓഫീസര്‍ കെകെ സിനിയ, കൊടകര ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.സ്വപ്ന, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ എസ്എല്‍ നിര്‍മ്മല്‍, കൊടകര ബിഡിഒ അജയഘോഷ് പിആര്‍ എന്നിവര്‍ പങ്കെടുത്തു.

മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ നിന്നായി രണ്ടായിരത്തിലധികം വരുന്ന കുടുംബശ്രീ യൂണിറ്റുകളില്‍ കൃഷി വ്യാപിപ്പിച്ച് വിഷരഹിത ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം പച്ചക്കറി തൈകളും വിത്തുകളും നടുന്ന പ്രാരംഭഘട്ടത്തിന് തുടക്കമായി. തക്കാളി, ക്യാബേജ്, വെണ്ട, വഴുതന, മുളക്, കോളിഫ്‌ലവര്‍ തുടങ്ങിയ പച്ചക്കറികളാണ് ഒന്നാം ഘട്ടത്തില്‍ നടുന്നത്.