ടൂറിസം മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തിന് ലോകോത്തര അംഗീകാരം. 2017 ലെ ലോകത്തെ ഏറ്റവും മികച്ച ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കുള്ള അവാര്‍ഡാണ് കേരളത്തിന് ലഭിച്ചത്. ലണ്ടനില്‍ നടക്കുന്ന ലോക ട്രാവെല്‍ മാര്‍ട്ടിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത് . വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു. വി, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. രാജ്യത്തെ മികച്ച ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കുള്ള ദേശീയ അവാര്‍ഡ് കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കു ലഭിച്ചതിന് പിന്നാലെയാണ് ലോക അംഗീകാരവും കേരളത്തെ തേടിയെത്തിയത്. ലോക ട്രാവല്‍ മാര്‍ട്ട് അവാര്‍ഡ് കൂടി ലഭിച്ചതോടെ ലോക ടൂറിസം രംഗത്തെ മിക്കവാറും അവാര്‍ഡുകളെല്ലാം ലഭിച്ച പദ്ധതിയായി കുമരകം ഉത്തരവാദിത്ത ടൂറിസം പദ്ധതി മാറി.
ലോക ടൂറിസത്തിലെ പ്രധാന അവാര്‍ഡുകളായ ഐക്യ രാഷ്ട്ര സഭയുടെ ടൂറിസം സംഘടനയായ യു എന്‍ ഡ ബ്ല്യൂ ടി ഓ ഉലീസിസ് അവാര്‍ഡ്, പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ ഗ്രാന്‍ഡ്, ഗോള്‍ഡ് അവാര്‍ഡുകള്‍ , 5 ദേശീയ അവാര്‍ഡുകള്‍ എന്നിവ നേരത്തെ കുമരകം ഉത്തരവാദിത്ത ടൂറിസം പദ്ധതി നേടിയിരുന്നു. ടൂറിസം പ്രവര്‍ത്തനങ്ങളെ ജനകീയവല്‍കരിക്കുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോക ട്രാവല്‍ മാര്‍ട്ട് അവാര്‍ഡ് പ്രചോദനമാണെന്ന് ടൂറിസംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തിന്റെ നേട്ടങ്ങള്‍ ഒരു ജനതയുടെ കൂട്ടായ മുന്നേറ്റത്തിന്റെ വിജയമാണെന്ന് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ പറഞ്ഞു.