കോട്ടയം ജില്ലയിൽ പ്രധാനമന്ത്രി ഗ്രാമീൺ സടക് യോജന പ്രകാരം ഏറ്റെടുത്ത റോഡുകളുടെ അറ്റകുറ്റപ്പണിയിൽ കാലതാമസം നേരിടുന്നത് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതിയോഗം. പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെട്ട പ്ലാക്കൽപ്പടി- വെള്ളാവൂർ റോഡ് പൂർണമായും നശിച്ച സ്ഥിതിയിലാണെന്നും അറ്റകുറ്റപ്പണി നടക്കാത്തതിനാൽ ജനങ്ങൾ ദുരിതത്തിലാണെന്നും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത എം.എൽ.എമാരും ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെയാണ് അടിയന്തര നടപടി സ്വീകരിക്കാൻ യോഗം ആവശ്യപ്പെട്ടത്.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ചീഫ് വിപ്പ് നിർദേശിച്ചു. ജനറൽ ആശുപത്രിയിലെ കാത്ത് ലാബ് മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും അഞ്ഞൂറിലധികം കേസുകൾ പൂർത്തീകരിച്ചതായും അദ്ദേഹം പറഞ്ഞു. ശബരിമല സീസൺ കാലങ്ങളിൽ കാത്ത് ലാബിന്റെ പ്രവർത്തനത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടു. കൂടംകുളം പവർഗ്രിഡ് സ്ഥാപിക്കുന്നതിനുള്ള വിതരണ ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിലുള്ളവർക്ക് നഷ്ടപരിഹാരത്തുക നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ചീഫ് വിപ്പ് ആവശ്യപ്പെട്ടു. 795 ഗുണഭോക്താക്കൾക്ക് നഷ്ടപരിഹാരവും 109 പേർക്ക് വൃക്ഷവിള നഷ്ടപരിഹാരവുമാണ് നൽകാനുള്ളത്.
പാതി വഴിയിലായ അറുത്തൂട്ടി പാലത്തിന്റെ നിർമാണം പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആവശ്യപ്പെട്ടു. ശുദ്ധജല കണക്ഷനുകൾക്കായി ജല അതോറിറ്റി റോഡ് കുഴിക്കുന്നത് പൊതുമരാമത്ത് വകുപ്പുമായുള്ള പരസ്പര ധാരണ പ്രകാരമായിരിക്കണമെന്നും എം.എൽ.എ. നിർദേശിച്ചു. പൈപ്പിനായി റോഡിൽ കുഴിച്ച ശേഷം റോഡ് അറ്റകുറ്റപ്പണി നടത്താത്തത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.
മുണ്ടാർ പാലത്തിന്റെ നിർമാണത്തിലുണ്ടായ തടസം നീക്കുന്നതിന് സർക്കാർതലത്തിൽ തീരുമാനമെടുക്കണമെന്ന് സി.കെ. ആശ എം. എൽ.എ. പറഞ്ഞു. പാലത്തിന്റെ തൂണുകൾ തമ്മിൽ ആവശ്യമായ അകലം പാലിച്ചില്ലെന്ന് കേന്ദ്ര ഉൾനാടൻ ജലഗതാഗത വകുപ്പ് കണ്ടെത്തി സ്റ്റോപ്പ് മെമ്മോ നൽകി നിർമാണം നിർത്തി വയ്ക്കുകയായിരുന്നു. കായലിൽ 20 തൂണുകൾ നിർമിച്ചശേഷം നിലവിൽ വന്ന നിബന്ധന പ്രകാരമാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.
ചങ്ങനാശേരി റവന്യൂ ടവറിലെ ശൗചാലയം നവീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു. വടക്കേക്കര ഗവൺമെന്റ് സ്‌കൂൾ, കുറിച്ചി ഗവൺമെന്റ് സ്‌കൂൾ, വാഴപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി എം.എൽ.എ. ആരാഞ്ഞു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അധ്യക്ഷയായി. യോഗത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.കെ. ആശ, അഡ്വ. ജോബ് മൈക്കിൾ, സബ് കളക്ടർ സഫ്ന നസ്റുദ്ദീൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ്, ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു, തോമസ് ചാഴികാടൻ എം.പിയുടെ പ്രതിനിധി അഡ്വ. സിബി വെട്ടൂർ, ജോസ് കെ. മാണി എം.പിയുടെ പ്രതിനിധി ജയ്സൺ മാന്തോട്ടം, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി പി.എൻ. അമീർ, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.