ഗതാഗതസൗകര്യങ്ങളുടെ സമ്പൂർണ വികസനമെന്നത് സർക്കാരിന്റെ പ്രധാന നയങ്ങളിലൊന്നാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കൊമ്മേരി അക്കനാരി മീത്തൽ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നാടിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പദ്ധതികൾ ആവിഷ്കരിക്കുകയെന്നതാണ് സർക്കാർ നയം.കൊമ്മേരി പ്രദേശത്തുകാരുടെ യാത്രാസൗകര്യത്തിനു സഹായകമാകുന്ന രീതിയിലാണ് റാംപ് സജ്ജീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 35 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

കോഴിക്കോട് കോർപറേഷൻ കൗൺസിലർ കവിത അരുൺ അധ്യക്ഷത വഹിച്ചു. പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ ശ്രീജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ വി കെ ഹാഷിം സ്വാഗതവും അസിസ്റ്റന്റ് എൻജിനീയർ വി പി വിജയകൃഷ്ണൻ നന്ദിയും പറഞ്ഞു.