ക്യാമ്പസുകളിൽ ലഹരിക്കെതിരായ പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ. ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും ഒറ്റക്കെട്ടായി അണിചേരണമെന്നും അദ്ദേഹം പറഞ്ഞു. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിൽ കേരള നിയമസഭ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവിന്‍റെ എറണാകുളം നിയോജകമണ്ഡലത്തിലെ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സ്പീക്കർ.
ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായ ലഹരിക്കെതിരെ ഒന്നിച്ചു നിന്നില്ലെങ്കിൽ ഒരു തലമുറ തന്നെ നശിക്കും. ഇതിനെതിരെ എക്സൈസ് വകുപ്പും പോലീസും മാത്രമല്ല സമൂഹം തന്നെ മുന്നിട്ടിറങ്ങണം. ശാസ്ത്രം പുരോഗതി പ്രാപിക്കുന്ന ഘട്ടത്തിൽ അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും നാടിനെ തിരികെകൊണ്ടുപോകാനുള്ള ശ്രമങ്ങൾക്കെതിരേയും വിദ്യാർഥികളുടെ ഭാഗത്തുനിന്നു ശക്തമായ ചെറുത്തുനിൽപ്പുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്‍റെ ഏടുകളിലേക്ക് പുതിയ തലമുറ കടന്നു ചെല്ലണം. ഇന്ത്യൻ ഭരണഘടന മതേതരവും ജനാധിപത്യപരവുമാണ്. ഈ ഭരണഘടന തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഇന്ന് നടക്കുന്നുണ്ട്. രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ ഓരോ പൗരനും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള നിയമസഭയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. ഏറ്റവുമധികം സഭാ സമ്മേളനങ്ങള്‍ ചേരുന്ന നിയമസഭയാണ് സംസ്ഥാനത്തേത്. വര്‍ഷത്തില്‍ 60 ദിവസം വരെ നിയമസഭ ചേരുന്നുണ്ട്. ഒന്നേകാൽ ലക്ഷത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയും നിയമസഭയ്ക്ക് ഉണ്ട്. നിയമസഭയുടെ ലൈബ്രറിയും പുസ്തകങ്ങളും ഉള്‍പ്പെടെ പൊതുസമൂഹത്തിന് ലഭ്യമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഫോട്ടോ വീഡിയോ പ്രദർശനത്തിന്റെ ഉദ്ഘാടനവും സ്പീക്കർ നിർവഹിച്ചു. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. കൂടാതെ കേരള നിയമസഭ മീഡിയ ആൻഡ് പാർലമെൻ്ററി സ്റ്റഡീസ് വിഭാഗവും യൂണിസെഫും സംയുക്തമായി വിദ്യാർത്ഥി – യുവജന പ്രതിനിധികൾക്കായി കാലാവസ്ഥ വ്യതിയാനം ദുരന്തനിവാരണം എന്ന വിഷയത്തിൽ സെമിനാറും നടത്തി. കോളേജ് വിദ്യാർത്ഥികൾക്കായി കാലാവസ്ഥ വ്യതിയാനം ദുരന്തനിവാരണം എന്ന വിഷയത്തിൽ ക്വിസ് മത്സരവും ആസാദി കാ അമൃത് മഹോത്സവം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
ടി ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം പി, മേയർ അഡ്വ എം അനിൽകുമാർ, ഡിവിഷൻ കൗൺസിലർ പി ആർ റെനീഷ് എന്നിവർ മുഖാതിഥിയായി.
തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് പ്രിൻസിപ്പൽ ഡോ ജോസ് ജോൺ സി എം ഐ, മാനേജർ ഡോ പൗലോസ് കിടങ്ങൻ, എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ ഡോ ജോസഫ് വർഗീസ്, നിയമസഭാ സെക്രട്ടറി എ എം ബഷീർ, ഡിവിഷൻ കൗൺസിലർമാരായ ബെൻസി ബെന്നി, കെ പി ലതിക തുടങ്ങിയവർ പങ്കെടുത്തു.