വിവിധ നിറങ്ങളിലുള്ള ജീരക മിഠായികള്‍ നിലത്തുവിരിച്ച വെള്ള കടലാസില്‍ നിന്നും കുരുന്നുകുട്ടികള്‍ വാശിയോടെ പെറുക്കിയെടുക്കുമ്പോള്‍ അവരുടെ മാതാപിതാക്കള്‍ എല്ലാംമറന്ന് അവരെ പ്രോത്സാഹിപ്പിച്ചു. അപ്പോള്‍ അവരുടെ മനസില്‍ പ്രളയം നല്‍കിയ ദുരിതങ്ങളുടെ ഓര്‍മ്മകളല്ലായിരുന്നു. മക്കള്‍ വാശിയോടെ മറ്റുകുട്ടികള്‍ക്കൊപ്പം മത്സരങ്ങളില്‍ പങ്കെടുക്കുന്നതു സന്തോഷത്തോടെ കണ്‍നിറയെ കാണുകയായിരുന്നു. മനസില്‍ പുതുപ്രതീക്ഷകള്‍ നല്‍കുന്ന നിറമുള്ള കാഴ്ചകള്‍…
തിരുവോണദിവസം ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകളിലെല്ലാം ഇതായിരുന്നു ദൃശ്യം. പ്രളയം നാശം വിതച്ച കേരളത്തിനും മലയാളികള്‍ക്കും ഇത്തവണ ഒരുമയുടെ ഓണമായിരുന്നു. ഓണം നാടും നഗരവും വിപുലമായി ആഘോഷിച്ചില്ല. പകരം ദുരിതത്തിലായ ലക്ഷക്കണക്കിനു പ്രളയബാധിതര്‍ക്കൊപ്പം ആഘോഷങ്ങളില്ലാതെ ഒരുമിച്ചുനില്‍ക്കുകയായിരുന്നു. എന്താണ് ഒരുമയെന്നു ലോകത്തിനു കാണിച്ചു കൊടുക്കുകയായിരുന്നു ഈ ഓണം. പലരും ആഘോഷങ്ങളൊക്കെ മാറ്റിവച്ചു ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഓണാശംസകളുമായി രാവിലെ തന്നെയെത്തി. ക്യാമ്പുകളില്‍ സന്നദ്ധപ്രവര്‍ത്തകരും കോളജ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ പൂക്കളിട്ടു. കൂട്ടത്തില്‍ ക്യാമ്പുകളിലെ കുട്ടികളും പൂക്കളമൊരുക്കാന്‍ അവര്‍ക്കൊപ്പംകൂടി. വിവിധ മത്സരങ്ങള്‍ നടത്തി. ചെറുതായെങ്കിലും ഉച്ചയ്ക്ക് ഹൈബി ഈഡന്‍ എംഎല്‍എയ്ക്ക് ഒപ്പമിരുന്നു ഓണസദ്യയുണ്ടു. സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.ജെ. ജേക്കബ്, കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാര്‍, സി.ഐ.സി.സി ജയചന്ദ്രന്‍ എന്നിവരും ക്യാമ്പിലെത്തി സദ്യയുണ്ടു.
ജില്ലയിലെ പ്രധാന ദുരിതാശ്വാസ ക്യാമ്പുകളിലൊന്നായ മഹാരാജാസ് കോളജില ഓഡിറ്റോറിയത്തില്‍ ചെറിയൊരു പൂക്കളമൊരുക്കിയാണു പ്രളയക്കെടുതിയിലായവരുടെ മനസിലെ മുറിവുണക്കി ഓണ പരിപാടികള്‍ നടത്തിയത്. തിരുവോണ ദിവസം രാവിലെ മുതല്‍തന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടത്തി. കസേര കളി മുതല്‍ വടംവലി മത്സരം ക്യാമ്പില്‍ അരങ്ങേറി. ഉറിയടി, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, സ്പൂണ്‍ റെയ്‌സ്, ജീരക മിഠായി പെറുക്കല്‍ എന്നിവങ്ങനെ പരിപാടികള്‍ നീണ്ടു. ക്യാമ്പിലുള്ളവര്‍ക്കൊപ്പം സന്നദ്ധപ്രവര്‍ത്തകരും വോളണ്ടിയര്‍മാരായ വിദ്യാര്‍ഥികളും ഒന്നിച്ചുചേര്‍ന്നപ്പോള്‍ എല്ലാവരും ദു:ഖങ്ങള്‍ മറഞ്ഞു. ചിരി യോഗയുമായി സുനില്‍കുമാര്‍ അവര്‍ക്കിടയിലേക്ക് എത്തിയപ്പോള്‍ മഹാരാജാസിലെ ക്യാമ്പില്‍ പൊട്ടിച്ചിരികള്‍ മുഴങ്ങി.
ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഓണമെന്നു മഹാരാജാസ് കോളജിലെ ക്യാമ്പില്‍ താമസിക്കുന്ന ചരിയന്‍തുരുത്തില്‍ നിന്നുള്ള കുഞ്ഞച്ചന്‍ പറഞ്ഞു. കൂലിപ്പണിക്കാരനായ കുഞ്ഞച്ചനും മകളും രണ്ടുമക്കളുമാണു ക്യാമ്പിലുള്ളത്. ”ഇവിടെ കുട്ടികളുടെ മത്സരവും കളിചിരിയും കാണുമ്പോള്‍ സന്തോഷമുണ്ട്. വീട്ടിലേക്കു മടങ്ങുന്ന കാര്യമോര്‍ക്കുമ്പോള്‍ സങ്കടമുണ്ട്. എന്നാലും തിരിച്ചുചെല്ലുമ്പോള്‍ കയറിക്കിടക്കാന്‍ വീടുണ്ട്.ഒന്നുകൂടി വൃത്തിയാക്കിയെടുക്കണം. കുറച്ചുനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരെവച്ചു നോക്കുമ്പോള്‍ നമ്മള്‍ ഭാഗ്യവാന്മാരല്ലെ”-കുട്ടികളുടെ ജീരകമിഠായി പെറുക്കല്‍ മത്സരംകണ്ടുകൊണ്ടിരിക്കെ കുഞ്ഞച്ചന്‍ പറയുന്നു. ഇയാളുടെ അവസ്ഥയിലാണ് പലരും. എന്നാല്‍ പരാതി പറയാന്‍ ഇവരില്ല.
