ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ശാസ്ത്രീയമായ രീതിയില്‍ ഡിജിറ്റലായി സര്‍വെ നടത്തി കൃത്യമായ സര്‍വെ റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനുള്ള പദ്ധതിയായ എന്റെ ഭൂമി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (നവംബര്‍ ഒന്നിന്) രാവിലെ 10.30-ന് ചേര്‍ത്തല ടൗണ്‍ ഹാളില്‍ കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30-ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

രജിസ്ട്രേഷന്‍, റവന്യൂ, സര്‍വെ എന്നീ വകുപ്പുകളെ സംയോജിപ്പിച്ച് ഒരു സിംഗിള്‍ വിന്‍ഡോ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരിക എന്നതാണ് ഡിജിറ്റല്‍ സര്‍വെയുടെ ലക്ഷ്യം. ഡിജിറ്റല്‍ സര്‍വെ റിക്കാര്‍ഡുകള്‍ നിലവില്‍ വരുന്നതോടെ റവന്യൂ, രജിസ്ട്രേഷന്‍, പഞ്ചായത്ത്, ബാങ്ക് തുടങ്ങിയ വിവിധ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങള്‍ കാലതാമസം കൂടാതെ ലഭിക്കും.

ജില്ലയില്‍ ആദ്യഘട്ടത്തില്‍ ചേര്‍ത്തല താലൂക്കിലെ ചേര്‍ത്തല നോര്‍ത്ത്, കടക്കരപ്പള്ളി, കുത്തിയതോട്, അരൂര്‍, എഴുപുന്ന, പട്ടണക്കാട് വില്ലേജുകളും കുട്ടനാട് താലൂക്കിലെ വെളിയനാട്, പുളിങ്കുന്ന് വില്ലേജുകളുമാണ് ഡിജിറ്റല്‍ സര്‍വെയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.

ജില്ലാതല പരിപാടിയില്‍ എം.പി.മാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എ. മാരായ സജി ചെറിയാന്‍, രമേശ് ചെന്നിത്തല, യു. പ്രതിഭ, ദലീമ ജോജോ, തോമസ് കെ. തോമസ്, എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, എം.എസ്. അരുണ്‍കുമാര്‍, ചേര്‍ത്തല നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സോമനാഥന്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
(പി.ആര്‍./എ.എല്‍.പി./2492)