വിവരാവകാശ കമ്മിഷന്‍ ജില്ലയില്‍ നടത്തിയ അദാലത്തില്‍20 പരാതികള്‍ തീര്‍പ്പാക്കി.
പൊതുജനങ്ങള്‍ക്ക്അവര്‍ ആവശ്യപ്പെടുന്ന രേഖകള്‍ യഥാസമയം ലഭിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് കമ്മിഷന്‍ പ്രാമുഖ്യം നല്‍കുന്നതെന്ന്സംസ്ഥാന വിവരാവകാശ കമ്മിഷ്ണര്‍ എ.എ. ഹക്കീം പറഞ്ഞു. ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ പരിഗണിച്ച എല്ലാ കേസുകളിലും തീരുമാനമായതായി കമ്മിഷ്ണര്‍ അറിയിച്ചു.
ഇരിപ്പക്കുളം യു.പി. സ്‌കൂളിലെ രണ്ട് അധ്യാപികമാരുടെ മൂന്നുവര്‍ഷമായി മുടങ്ങിക്കിടന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും 14 ദിവസത്തിനുള്ളില്‍ നല്‍കി കൈപ്പറ്റ് രസീത് ഹാജരാക്കണമെന്ന് കമ്മിഷന്‍ ഉത്തരവായി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്ററെ ഇതിനായി ചുമതലപ്പെടുത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ കാണാതായതിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ ജില്ലാ പോലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
ജനങ്ങള്‍ വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്ന പ്രവണതയും സ്ഥാപനങ്ങള്‍ വിവരങ്ങള്‍ നല്‍കാതെ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതും നിയമത്തിന്റെ അന്തഃസത്ത കളയുന്നതാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.
നിയമപ്രകാരം പൊതുജനങ്ങള്‍ വിവരങ്ങള്‍ ആരായുമ്പോള്‍ ഉദ്യോഗസ്ഥര്‍ ജനപക്ഷത്തു നിന്ന് നടപടികള്‍ സ്വീകരിക്കണം. അപേക്ഷ സമര്‍പ്പിച്ചയാള്‍ പിന്നീട് ഒരിക്കലും അപേക്ഷയുമായി വരരുത് എന്ന സമീപനം ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. അത്തരക്കാരെ കമ്മിഷന്‍ ഗൗരവപൂര്‍വം നിരീക്ഷിക്കുന്നുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു.