അഴിമതി വിമുക്ത കേരളം സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ ഉത്തര മേഖല കോഴിക്കോട് ഓഫീസിൽ പുതുതായി നിർമ്മിച്ച കോൺഫറൻസ് ഹാൾ, ലിഫ്റ്റ്, ട്രാൻസിറ്റ് റൂം എന്നിവയുടെ ശിലാഫലകവും അനാച്ഛാദനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അഴിമതി എവിടെയായാലും കര്‍ശന നടപടിയെടുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനായി കൃത്യമായ നിരീക്ഷണ സംവിധാനം വിജിലന്‍സ് ഉറപ്പാക്കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് ഇടപെടല്‍ ഉണ്ടായത് അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായാണ്. നൂതനസാങ്കേതിക വിദ്യകള്‍ തട്ടിപ്പിന് ഉപയോഗിക്കുന്നതിനാല്‍, ഉദ്യോഗസ്ഥരും ഉയര്‍ന്ന സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കണം. ഡിജിറ്റല്‍ തെളിവുകള്‍ സ്വീകരിക്കാനും അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാനും ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ലിഫ്റ്റ്, കോൺഫറൻസ് ഹാൾ, ട്രാൻസിറ്റ് റൂമുകൾ എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കിയത്.

കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ്, വാർഡ് കൗൺസിലർ ഡോ. എസ് ജയശ്രീ, കെ.പി.ഒ.എ സെക്രട്ടറി കെ ശശികുമാർ, കെ. പി.എ സെക്രട്ടറി വി പി പവിത്രൻ, പോലീസ് സൂപ്രണ്ടുമാരായ പി സി സജീവൻ, പ്രിൻസ് എബ്രഹാം എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.