കോഴിക്കോട് ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ കുതിരവട്ടം ​ഗവ.മാനസികാരോ​ഗ്യ കേന്ദ്രത്തിൽ ആശുപത്രി വികസന സമിതി യോ​ഗം ചേർന്നു. മുൻ യോ​ഗങ്ങളിലെ തീരുമാനങ്ങളുടെ പുരോ​ഗതി യോ​ഗം ചർച്ച ചെയ്തു.

ആശുപത്രി കോമ്പൗണ്ടിന്റെ ചുറ്റുമതിൽ നവീകരിക്കേണ്ടതും ഉയരം കൂട്ടേണ്ടതും അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. ഇതിന് ഭരണാനുമതി ലഭിക്കുന്നതിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് സുപ്രണ്ട് യോഗത്തിൽ പറഞ്ഞു. ആശുപത്രിയിലെ രണ്ട് പാചകക്കാർ വിരമിക്കുന്ന മുറക്ക് താത്ക്കാലികമായി രണ്ടുപേരെ നിയമിക്കുന്നതിന് സർക്കാർ ഉത്തരവായതായും സൂപ്രണ്ട് ​ കൂട്ടിച്ചേർത്തു.

ഫോറൻസിക് വാർഡിന്റെ ചുറ്റുമതിലിന് സമീപത്തായുള്ള മരം മുറിച്ചുമാറ്റുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കാനും യോ​ഗത്തിൽ തീരുമാനമായി. ദേശപോഷിണി വായനശാലയ്ക്കടുത്തുള്ള ആശുപത്രിയുടെ സ്ഥലത്തെ കയ്യേറ്റവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ വികസന കമ്മീഷണർ ആവശ്യപ്പെട്ടു. പ്രസ്തുത പ്രദേശത്ത് കമ്പിവേലി കെട്ടുന്നതിന് കരാറുകാരെ ചുമതലപ്പെടുത്തിയതായി പിഡബ്ല്യുഡി അധികൃതർ അറിയിച്ചു.

ആശുപത്രിയിലെ കോൺഫറൻസ് ഹാളിൽ നടന്ന യോ​ഗത്തിൽ പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പിയൂഷ് നമ്പൂതിരി എന്നിവർ സന്നിഹിതിരായിരുന്നു. കൗൺസിലർ ടി റെനീഷ്, ആശുപത്രി സൂപ്രണ്ട് ഡോ. എൻ രാജേന്ദ്രൻ, ആർ.എം.ഒ ഡോ. ലക്ഷ്മി മോഹൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ആശുപത്രി വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.