ആലപ്പുഴ: സ്വകാര്യ പങ്കാളിത്തത്തോടെ അര്‍ത്തുങ്കലിനെ ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. അര്‍ത്തുങ്കല്‍ ഡി.ടി.പി.സി. പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അര്‍ത്തുങ്കലില്‍ വിനോദസഞ്ചാരത്തിന് വലിയ സാധ്യതകളാണുള്ളത്. അത് പരമാവധി ഉപയോഗപ്പെടുത്താനാകണമെന്നും അദ്ദേഹം പറഞ്ഞു. പാതിരമണലില്‍ പരിസ്ഥിതിയുമായി ചേര്‍ന്ന് നില്‍ക്കുന്ന വിനോദസഞ്ചാര പദ്ധതികള്‍ അവിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങില്‍ എ.എം. ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണ്‍ അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി. ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ സംസാരിച്ചു.
പത്ത് ലക്ഷം രൂപ ചെലവിലാണ് പാര്‍ക്കിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയത്. കുട്ടവഞ്ചി, പെടല്‍ ബോട്ട്, കയാക്കിങ്, കുട്ടികള്‍ക്കായി കളിസ്ഥലം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും എം.പി. ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വീതവും ഇതിനായി അനുവദിച്ചതായി അധികൃതര്‍ വ്യക്തമാക്കി.