ആലപ്പുഴ: ആലപ്പുഴയുടെ ഗുരുനാഥന്‍ കല്ലേലി രാഘവന്‍ പിള്ളയ്ക്ക് വന്ദനമര്‍പ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ കേരളപ്പിറവി ദിനാഘോഷത്തിനും മലയാളഭാഷാ വാരാചരണത്തിനും ജില്ലയില്‍ തുടക്കം. രാവിലെ തോണ്ടങ്കുളങ്ങരയിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ പൊന്നാടയണിയിച്ച് ആദരമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നും അയ്യായിരം രൂപ സ്വീകരിച്ചാണ് അയാം ഫോര്‍ ആലപ്പി പദ്ധതിയ്ക്ക് തുടക്കം കുറിച്ചതെന്ന് മധുര സ്മരണ പുതുക്കി ജില്ല കളക്ടര്‍ പറഞ്ഞു. ജില്ലാതല കേരളപിറവി ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാചരണത്തിന്റെയും ജില്ലാതല പരിപാടി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ADMS സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് സാംസ്‌കാരിക പ്രവര്‍ത്തകന്‍ ചുനക്കര ജനാര്‍ദ്ദനന്‍ നായരേയും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അലിയാര്‍ മാക്കിയിലിനെയും ചടങ്ങില്‍ ആദരിച്ചു.

ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. സമ്പൂര്‍ണ സാക്ഷരരെന്ന ഖ്യാതിയുള്ള മലയാളികള്‍ ആ മുന്നേറ്റം ഇനിയും തുടരണമെന്ന് അദ്ദേഹം പറഞ്ഞു. ഭാഷയ്ക്ക് കൂടുതല്‍ ഉണര്‍വേകാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജീവനക്കാര്‍ക്കായി ഭരണഭാഷ പ്രതിജ്ഞ അദ്ദേഹം ചൊല്ലിക്കൊടുത്തു.

വായന ജീവനക്കാരുടെ ജീവിതത്തിലും ഫയലുകളോടുള്ള സമീപനത്തിലും മാറ്റം കൊണ്ടുവരുമെന്ന് അലിയാര്‍ മാക്കിയില്‍ അഭിപ്രായപെട്ടു. കളക്ടറേറ്റില്‍ ഗ്രന്ഥശാല ആരംഭിക്കുന്ന കാര്യം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.കളക്ടറേറ്റ് ജീവനക്കാരുടെ കൂട്ടായ്മയായ ‘റിലാക്‌സ് ടീം’ ചടങ്ങില്‍ മലയാള ഗാനം ആലപിച്ചു. സ്റ്റാഫ് കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ടി. രഞ്ജിത്ത് മലയാള തനിമ പ്രഭാഷണം നടത്തി. ഐ. ആന്‍ഡ് പി.ആര്‍.ഡി. മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി വിനോദ് ജോണ്‍, ഡെപ്യൂട്ടി കളക്ടര്‍ ബി.കവിത, ജൂനിയര്‍ സൂപ്രണ്ട് കെ.എസ.് ഗോപകുമാര്‍, എച്ച്.എസ്.രമ്യഎസ്.നമ്പൂതിരി, ഫിനാന്‍സ് ഓഫീസര്‍ ഷിജു ജോസ് എന്നിവര്‍ സന്നിഹിതരായി. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.