എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും രേഖ, എല്ലാസേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യവുമായി സംസ്ഥാനത്ത് നടപ്പാക്കുന്ന എന്റെ ഭൂമി ഡിജിറ്റല്‍ റീസര്‍വ്വെ ചരിത്രത്തിലെ നാഴികകല്ലാവവുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ഡിജിറ്റല്‍ റീസര്‍വ്വെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യകള്‍ മനുഷ്യനന്മയ്ക്കായാണ് വിഭാവനം ചെയ്യുന്നത്. സംസ്ഥാനത്ത് 1966 ല്‍ തുടങ്ങിയ റീസര്‍വ്വെ നടപടികള്‍ 56 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലക്ഷ്യം പൂര്‍ത്തിയായില്ല. ഈ സാഹചര്യത്തിലാണ് അതിനൂതനമായ സാങ്കേതിക വിദ്യയോടെ കേരളം മുഴവന്‍ നാല് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ റീസര്‍വ്വെ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. ആവശ്യത്തിന് ജീവനക്കാരെ ഇതിനായി വിന്യസിക്കും. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഭൂസര്‍വ്വെയില്‍ ഭൂമിഅളവുകളില്‍ ക്യത്യതയും സുതാര്യതയും ഉറപ്പാക്കും. ഭൂവുടമകളുടെ ആശങ്കകള്‍ പ്രാദേശികമായി വാര്‍ഡ് അടിസ്ഥാനത്തില്‍ ചേരുന്ന സര്‍വ്വെ സഭകള്‍ പരിഹരിക്കും. ഭൂരേഖകള്‍ ഡിജിറ്റലായി മാറുന്നതോടെ കാലങ്ങളായി നിലനിന്നിരുന്ന ഭൂപ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകും.

വയനാട് ജില്ലയില്‍ ആദ്യഘട്ടത്തില്‍ എട്ട് വില്ലേജുകളിലാണ് ഡിജിറ്റല്‍ റീസര്‍വ്വെ നടക്കുക. ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയാകുന്നതോടെ ഭൂമി കൈമാറ്റവും ഡിജിറ്റല്‍ പ്രക്രിയയിലൂടെ ഇനി എളുപ്പമാകും. ജില്ലയുടെ ഭൂവിനിമയങ്ങളിലും വിനിയോഗങ്ങളിലും ഡിജിറ്റല്‍ റീസര്‍വെ വലിയൊരു കാല്‍വെപ്പാകുമെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ച ഡിജിറ്റല്‍ റീസര്‍വ്വ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേഷണവും ചടങ്ങില്‍ നടന്നു.

ഒ.ആര്‍.കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ.ഗീത, മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി, എ.ഡി.എം എന്‍.ഐ.ഷാജു, എല്‍.ആര്‍.ഡെപ്യൂട്ടികളക്ടര്‍ കെ.അജീഷ്, നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.എസ് മൂസ്സ, ഇ.ജെ.ബാബു, കുര്യാക്കോസ് മുള്ളന്‍മട, തഹസില്‍ദാര്‍ എം.ജെ.അഗസ്റ്റിന്‍, ഭൂരേഖ തഹസില്‍ദാര്‍ പി.യു.സിത്താര, സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.മംഗളന്‍, റീസര്‍വെ സൂപ്രണ്ടുമാരായ ആര്‍.ജോയി, ഷാജി കെ പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.