ഭൂമി സംബന്ധമായ രേഖകള്‍ ഇനി ഡിജിറ്റലായി സൂക്ഷിക്കാം. സംസ്ഥാനത്ത് ഡിജിറ്റല്‍ റീ സര്‍വെ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ കാര്യങ്ങളെല്ലാം ഇനി എളുപ്പമായി. ഡിജിറ്റല്‍ റീസര്‍വ്വെയിലൂടെ അതിരുകളുടെ സങ്കീര്‍ണ്ണതകളടക്കം ഇല്ലാതാകുന്നതോടെ ഭൂമി അതിര്‍ തര്‍ക്കങ്ങളും ഒഴിവാകും. സംസ്ഥാനത്തെ 200 വില്ലേജുകളിലാണ് ആദ്യഘട്ടത്തില്‍ സര്‍വ്വെ പൂര്‍ത്തിയാക്കുക. സ്വന്തം ഭൂമിക്ക് കൃത്യമായ രേഖകള്‍ ലഭ്യമാകുന്നതിലുപരി സംസ്ഥാനത്തിന്റെ ഭാവി വികസന പദ്ധതികള്‍ക്ക് ഗുണകരമാകുന്ന മാറ്റമാണ് ഡിജിറ്റല്‍ റിസര്‍വെയിലൂടെ പ്രകടമാവുക. റവന്യു, സര്‍വ്വെ, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ ഭൂമി സംബന്ധമായ സേവനങ്ങളെ ഏകോപിപ്പിച്ച് ഏകജാലക ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വരും. ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങളെല്ലാം ഇതോടെ എളുപ്പമാകും. സര്‍വ്വെ ഭൂരേഖ വകുപ്പിന്റെ എന്റെ ഭൂമി ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ഭൂരേഖകള്‍ പരിശോധിക്കാനും കഴിയും . റവന്യു വകുപ്പിന്റെ നിലവിലുള്ള റെലിസ് പോര്‍ട്ടലുമായി ഭൂരേഖകള്‍ ബന്ധിപ്പിക്കുന്നതോടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും പരസ്പര ബന്ധിത സേവനപരിധിയിലാകും. പോക്കുവരവ്, സബ്ഡിവിഷന്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം നിലനിന്നിരുന്ന പ്രതിസന്ധികള്‍ക്കും ഇതോടെ വിരാമമാകും. ഓഫീസുകള്‍ കയറിങ്ങാതെ ഭൂമി സംബന്ധമായ എല്ലാ സേവനങ്ങളും ഇതോടെ ഓണ്‍ലൈനായി കരഗതമാകും. ഭൂമി സംബന്ധമായ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കില്‍ ഇത് തിരുത്താനും സംവിധാനമുണ്ടാകും. റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വെയില്‍ ഡ്രോണുകളെയും ഉപയോഗപ്പെടുത്തുന്നതിനാല്‍ അതിരുകള്‍ ക്യത്യമായിരിക്കും. സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം കണക്കാക്കി ഭൂമിയുടെ ഡിജിറ്റല്‍ രേഖാ ചിത്രവും ഭൂവുടമയ്ക്ക് ലഭ്യമാകും. ഭൂവുടമയുടെ സാന്നിധ്യത്തില്‍ നടത്തുന്ന ഡിജിറ്റല്‍ റീസര്‍വ്വെയില്‍ ഭൂരേഖ ഏറ്റവും കൃത്യതയാര്‍ന്ന ആധികാരിക രേഖകളായി മാറും.