ആലപ്പുഴ: ആലപ്പുഴയിലെ എസ്ഡിവി സെൻട്രൽ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ഇന്നലെ തിരുവോണനാളിൽ കുറെ നേരത്തേക്കെങ്കിലും ദുരന്തത്തിന്റെ ഓർമകൾ മറന്ന് ഓണാഘോഷത്തിൽ അമർന്നു. മലയാളത്തിൻറെ വാനമ്പാടി കെ.എസ്. ചിത്ര ക്യാമ്പ് അംഗങ്ങൾക്കൊപ്പം ഏറെ നേരം  ചെലവഴിച്ചു. ജോസി ആലപ്പുഴയുടെ  നേതൃത്വത്തിൽ ഒർക്കസ്ട്ര കൂടി ഒരുങ്ങിയതോടെ സംഗീത വിരുന്നിന് അരങ്ങൊരുങ്ങി.  ചിത്ര പാടിത്തുടങ്ങിയതോടെ ക്യാമ്പിലെ മുഖങ്ങൾക്ക് പുതുജീവൻ. വിവിധ ക്യാമ്പുകളിലെ സന്ദർശം പൂർത്തിയാക്കി ഓണമാഘോഷിക്കാൻ സംസ്ഥാനത്തിന്റെ  ധനമന്ത്രി ടി. എം. തോമസ് ഐസക് കൂടി സ്‌കൂളിലെത്തിയതോടെ  ക്യാമ്പിന് ആഘോഷ പ്രതീതി.   മലയാളികളുടെ പ്രിയ ഗായിക കെ.എസ്. ചിത്ര യോട് ക്യാമ്പംഗങ്ങളിൽ നിന്ന് പല പാട്ടുകൾക്കായുള്ള ആവശ്യമുയർന്നു.സദസ്സ്യരുടെ  ആവശ്യപ്രകാരം  കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ എന്ന് തുടങ്ങുന്ന നന്ദനത്തിലെ ഗാനം ആലപിച്ചു. പാടറിയേൻ,  പാട്ട് അറിയേൻ എന്ന ഗാനം കൂടി പാടിയതോടെ സദസ്സ്  ഓണപ്പാട്ട് വേണമെന്നായി. ഓണപ്പാട്ടിന് ശേഷം  രാജഹംസമേ എന്ന ഹിറ്റ് ഗാനവും ആലപിച്ചു. എല്ലാവരും സന്തോഷമായിരിക്കാൻ ചിത്ര ആവശ്യപ്പെട്ടു. തുടർന്ന്  ധനമന്ത്രി തോമസ് ഐസക്കും കെ എസ് ചിത്രയും ക്യാമ്പ് അംഗങ്ങൾക്കൊപ്പമിരുന്ന് ഓണസദ്യയും ഉണ്ടു. ‘ഓണം നമ്മുടെ പ്രിയപ്പെട്ട ആഘോഷമാണ് . ക്യാമ്പ് അംഗങ്ങൾക്ക് കുറേസമയമെങ്കിലും സന്തോഷ നിമിഷങ്ങൾ പകരാൻ കഴിഞ്ഞത് പൊതുപ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കും  അഭിമാനമാണ് നൽകുന്നതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു’. കാളനും പായസവും ഉൾപ്പെടെയുള്ള സദ്യ മികച്ചതാണെന്ന് കൂടി അറിയിച്ചാണ് മന്ത്രിയും മലയാളത്തിന്റെ പ്രിയ ഗായികയും മടങ്ങിയത്. നേരത്തെ ക്യാമ്പിൽ ചെണ്ടമേളം, അത്തപ്പൂക്കളമിടൽ തുടങ്ങിയവയും നടന്നു.