കക്കൂസ് മാലിന്യമുൾപ്പെടെയുള്ള ദ്രവമാലിന്യ സംസ്‌കരണം സംബന്ധിച്ചുള്ള അവബോധം വളർത്തുന്നതിന് ക്യാമ്പയിൻ

ശാസ്ത്രീയ ദ്രവമാലിന്യ പരിപാലനത്തിന്റെയും ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കി സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ വിവര-വിജ്ഞാന-വ്യാപന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നവംബർ 2ന് ഉച്ചയ്ക്ക് 3.30ന് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ഹാളിൽ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ആമുഖ പ്രഭാഷണം നടത്തും. നവകേരളം കർമ്മ പദ്ധതി കോർഡിനേറ്റർ ഡോ.ടി.എൻ സീമ മുഖ്യ പ്രഭാഷണം നടത്തും.

അദൃശ്യം എന്ന പേരിൽ ശുചിത്വ മിഷൻ സംഘടിപ്പിച്ച പോസ്റ്റർ തയ്യാറാക്കൽ മത്സരത്തിലെ വിജയികൾക്കുള്ള ക്യാഷ് അവാർഡ് അഡ്വ.വി.കെ പ്രശാന്ത് എം.എൽ.എ. സമ്മാനിക്കും. ക്യാമ്പയിന് സാമ്പത്തിക സാങ്കേതിക പിന്തുണ ലഭ്യമാക്കുന്ന യൂനിസെഫ്, വാഷ് ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധികൾ ചടങ്ങിൽ ക്യാമ്പയിൻ ബോധവത്ക്കരണ ഉപകരണ പ്രകാശനം നിർവഹിക്കും. ബോധവത്ക്കരണത്തിന്റെ ഭാഗമായി വാഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെ ശുചിത്വമിഷൻ തയ്യാറാക്കിയ മാസ്‌കോട്ട്, അനിമേഷൻ വീഡിയോ പ്രകാശനവും നടക്കും.

2016ൽ വെളിയിട വിസർജ്ജന മുക്ത പ്രദേശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളമെങ്കിലും ശാസ്ത്രീയമായി കക്കൂസ് മാലിന്യങ്ങൾ സംസ്‌ക്കരിക്കാൻ ആവശ്യമായ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ സംസ്ഥാനം നേരിടുന്നുണ്ട്. കക്കൂസ് മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്‌കരണം ഉറപ്പാക്കുക ലക്ഷ്യമിട്ട് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ ഓരോ ജില്ലയിലും രണ്ടു വീതം സ്ഥാപിക്കും. ദ്രവമാലിന്യ സംസ്‌കരണ സൗകര്യങ്ങൾ കൂടി സജ്ജമാക്കി 2026ൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സമ്പൂർണ്ണ ശുചിത്വപദവി ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം.