പതിനാലാം പഞ്ചവത്സര പദ്ധതിയിൽ കേരളം അതി ദരിദ്രരില്ലാത്ത നാടായി മാറുകയാണെന്ന് പട്ടികജാതി പട്ടികവർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ചൂണ്ടൽ പഞ്ചായത്തിലെ ‘നമ്മളൊന്ന് ഗ്രാമോത്സവം’ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിശപ്പില്ലാത്ത നാടായി കേരളത്തെ മാറ്റുന്നതിന് നമ്മളൊന്നാന്നെന്ന ആശയം മുൻ നിർത്തി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ലഹരിക്കുമെതിരെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും ഒന്നിച്ച് നിന്നാൽ നേട്ടം കൈവരിക്കാൻ നമുക്ക് കഴിയുമെന്നും മന്ത്രി ഓർമ്മപ്പെടുത്തി.

ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ചു. സുദർശൻ ഐപിഎസ്, ഡോക്ടർ എൻ എസ് സൗമ്യ, സിനിമ ബാലതാരം അശ്വിൻ ബാബു എന്നിവരെ ആദരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി എ ഷൈല റിപ്പോർട്ട് അവതരിപ്പിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആൻസി വില്യംസ്, ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ, ജില്ലാ പഞ്ചായത്ത് അംഗം എ വി വല്ലഭൻ, ചൂണ്ടൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ടി ജോസ്, സംഘാടകസമിതി ജനറൽ കൺവീനർ എം ബി പ്രവീൺ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ , ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

സമാപന സമ്മേളനത്തിനു മുന്നോടിയായി വിവിധ കലാരൂപങ്ങൾ, നിശ്ചല രൂപങ്ങൾ, വാദ്യമേളങ്ങൾ എന്നിവ ഉൾപ്പെടുത്തി ആയിരങ്ങൾ അണിനിരന്ന ഘോഷയാത്രയും സംഘടിപ്പിച്ചു. പഞ്ചായത്തംഗങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ, കുടുംബശ്രീ അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കാളികളായി. സമാപന സമ്മേളനത്തിനുശേഷം ആൽമരം മ്യൂസിക് ബാന്റ് അവതരിപ്പിച്ച ആൽമരത്താളം സംഗീത നിശയും അരങ്ങേറി.