ഭൗമസൂചികയിൽ ഇടംനേടിയ തൃശ്ശൂരിൻ്റെ സ്വന്തം ചെങ്ങാലിക്കോടൻ മുതൽ രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ വരെ. എം മുകുന്ദൻ മുതൽ എം ഡി ശ്രീനിവാസനും പൊറ്റി ശ്രീരാമുലുവും വരെ. മലയാളഭാഷയെയും കേരളചരിത്രത്തെയും തൊട്ടും അറിഞ്ഞും മുന്നേറാൻ ഉതകുന്ന വ്യത്യസ്ത ചോദ്യങ്ങളും ഉത്തരങ്ങളും നിറഞ്ഞതാരുന്നു ജില്ലാ ഇൻഫർമേഷൻ ഓഫീസ് സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച പ്രശ്നോത്തരി.

മലയാളഭാഷാ ദിനാഘോഷത്തിൻ്റെയും ഭരണഭാഷാ വാരാഘോഷത്തിൻ്റെയും ഭാഗമായാണ് കലക്ട്രേറ്റ് ആസൂത്രണഭവൻ ഹാളിൽ ജീവനക്കാർക്കായി പ്രശ്നോത്തരി സംഘടിപ്പിച്ചത്.

വിവിധ വകുപ്പുകളിൽ നിന്നായി 37 ടീം പങ്കെടുത്ത പ്രശ്നോത്തരി രണ്ട് ഘട്ടങ്ങളായാണ് നടത്തിയത്. ഫൈനൽ മത്സരത്തിനായി ഏഴ് ടീമുകളെ തെരഞ്ഞെടുത്തു.

മുളങ്കുന്നത്തുകാവ് ഇ എസ് ഐ നെഞ്ചുരോഗാശുപത്രി ക്ലാർക്കുമാരായ കെ ബി ഉണ്ണികൃഷ്ണൻ, പി സുഗന്ധി എന്നിവരുടെ ടീമിനാണ് ഒന്നാംസ്ഥാനം. തൃശ്ശൂർ കളക്ട്രേറ്റിലെ ടി ആർ അനീഷ്, ബി എച്ച് ബാലമുരളി എന്നിവർ രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനം ജില്ലാ ഹോമിയോ ഓഫീസിലെ എം ജി ലിൻസി, പി ആർ രാഖി എന്നിവർക്കാണ്.

കൊടുങ്ങല്ലൂർ എം ഇ എസ് അസ്മാബിസ് കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. സാനന്ദ് സദാനന്ദ് ക്വിസ്സ് മാസ്റ്ററായി.