ജില്ലാതല ഭരണഭാഷാ പുരസ്കാരം സമ്മാനിച്ചു

മലയാള ഭാഷയെയും ഭാഷാസംസ്‌കാരത്തെയും പുതിയ തലമുറ പുനര്‍വായിക്കണമെന്ന് നാടക നടനും പ്രഭാഷകനുമായ മുഹമ്മദ് പേരാമ്പ്ര പറഞ്ഞു. വയനാട് ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും നേതൃത്വത്തില്‍ ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന ഭരണഭാഷ വാരാചരണവും – ജില്ലാതല ഭരണഭാഷ പുരസ്‌ക്കാര വിതരണ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ജനതയുടെ ആഗ്രഹാഭിലാഷങ്ങളുടെ പൂര്‍ത്തീകരണമാണ് കേരളത്തിന്റെ രൂപീകരണത്തിലേക്കും മലയാളത്തിന്റെ വികാസത്തിലേക്കും നയിച്ചത്. അടിയാളന്റെ അവകാശ ബോധത്തിനായി നവോത്ഥാന നായകന്‍മാര്‍ നടത്തിയ ഇടപെടലുകളും കലകളിലൂടെയുളള നിരന്തര കലഹങ്ങളും നാടിന്റെ സാമൂഹ്യ പുരോഗതിയെ അടയാളപ്പെടുത്തി. ചരിത്രത്തെ ക്കുറിച്ചുള്ള തിരിഞ്ഞ് നോട്ടവും പുനര്‍വായനകളും അനിവാര്യമാണെന്ന് വര്‍ത്തമാന കാലം അടിവരയിടുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളം കൈവരിച്ച സാമൂഹ്യ പുരോഗതിയെ പിന്നോട്ട് നടത്തുകയാണ്. മലയാളഭാഷ ഔദ്യോഗിക തലത്തില്‍ ഇനിയും ശക്തിപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടര്‍ എ.ഗീത അധ്യക്ഷത വഹിച്ചു. പ്രഥമ ജില്ലാതല ഭരണഭാഷാ പുരസ്‌ക്കാരം മാനന്തവാടി താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് സിനീഷ് ജോസഫിന് ജില്ലാ കളക്ടര്‍ സമ്മാനിച്ചു. സർക്കാർ നൽകുന്ന പതിനായിരം രൂപയും സത് സേവന രേഖയും അടങ്ങുന്നതാണ് പുരസ്കാരം. ജില്ലാ ഭരണകൂടത്തിന്റെയും പി.ആർ.ഡിയുടെയും മെമന്റോയും കളക്ടർ സമ്മാനിച്ചു.

എ.ഡി.എം എന്‍.ഐ ഷാജു, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. ജയരാജ്, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദ്, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ.അജീഷ്, ഗോപിനാഥ്, വി. അബൂബക്കര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. സിനീഷ് ജോസഫ് പുരസ്കാരത്തിന് നന്ദി അറിയിച്ച് സംസാരിച്ചു.