* ഈ മാസം 14ന് വീടുകളില്‍ ശുചിത്വ സര്‍വേ ആരംഭിക്കും

ഈ മാസം 14ന് തുടക്കമിടുന്ന ശുചിത്വ സര്‍വേയുടെ ലക്ഷ്യം സമ്പൂര്‍ണ ശുചിത്വമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ശുചിത്വ പരിപാടിയായ നിര്‍മല ഗ്രാമം നിര്‍മല നഗരം നിര്‍മല ജില്ലയുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതിയുടെയും കിലയുടെയും നേതൃത്വത്തില്‍ ഹരിത സേനാംഗങ്ങള്‍ക്ക് നടത്തുന്ന ശുചിത്വ സര്‍വേ പരിശീലനം കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2023 നവംബര്‍ ഒന്നിന് ജില്ലയെ സമ്പൂര്‍ണ ശുചിത്വ ജില്ലയായി പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. ഇതിനായി പഞ്ചായത്ത് തലത്തില്‍ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍ ചെയര്‍മാനാകുന്ന ശുചിത്വ കൗണ്‍സില്‍ രൂപീകരിക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ശുചിത്വ കണ്‍വന്‍ഷനുകളും നടത്തുവാനാണ് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. ഒരു വാര്‍ഡില്‍ രണ്ട് ഹരിത സേനാംഗങ്ങള്‍ നിര്‍ബന്ധമായും ഉണ്ടാകണമെന്നും വീടുകളില്‍ എത്തുന്ന ഇവര്‍ക്ക് യൂസര്‍ ഫീ കൃത്യമായി നല്‍കാന്‍ വീട്ടുടമസ്ഥര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഗ്രാമ പഞ്ചായത്തുകള്‍ പദ്ധതി തിരഞ്ഞെടുക്കുമ്പോള്‍ സമ്പൂര്‍ണ ശുചിത്വത്തിന് സഹായകരമാകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുവാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം നാല് വരെയാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

ജില്ലയിലെ മൂന്ന് ലക്ഷത്തിലധികം വീടുകളിലും ഹരിത സേനാംഗങ്ങള്‍ ശുചിത്വവുമായി ബന്ധപ്പെട്ട് നടത്തുന്ന വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റമെന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ശുചിത്വ സര്‍വേ നടത്തുന്നത്. കെല്‍ട്രോണ്‍ ജീവനക്കാരായ റ്റി. ശിവന്‍,  എസ്. സുജിത് എന്നിവരാണ് ഹരിതമിത്രം ആപ്പ് പരിശീലനാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, നവകേരളം കര്‍മ്മ പദ്ധതി (രണ്ട്) ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.