സംസ്ഥാനത്തെ പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന്റെ മുന്നോടിയായി വെള്ളമുണ്ട ജി.എം.എച്ച്.എസ്. സ്‌കൂളില്‍ ആശയരൂപീകരണ ജനകീയ ചര്‍ച്ച സംഘടിപ്പിച്ചു. ചര്‍ച്ച വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത് മാനിയില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ പി.സി. തോമസ്, പ്രധാനധ്യാപകരായ എന്‍. ഷീജ, സി. ജ്യോതി, ഡോ. കെ അഷ്റഫ്, കെ. പ്രസാദ്, അബ്ദുള്‍ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചര്‍ച്ചയില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ 26 ഫോക്കസ് ഏരിയ അടങ്ങുന്ന കരട് രേഖയെ സംബന്ധിച്ച ചര്‍ച്ചയും ആവശ്യമായ നിര്‍ദേശങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടത്തി. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരികരംഗങ്ങളില്‍ നിന്നുള്ളവര്‍, വിദ്യാഭ്യാസവിദഗ്ധര്‍, എസ്.എം.സി, പി.ടി.എ അംഗങ്ങള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
