കടല്‍ കണ്ടിട്ടുണ്ടെങ്കിലും വഴികളെല്ലാം കടലുപോലെയാകുന്നത് ആദ്യമാണെന്ന് ഓര്‍ത്തെടുത്തു രക്ഷാപ്രവര്‍ത്തനത്തിനായി കൊല്ലത്ത് നിന്ന് തിരുവല്ലയ്ക്കടുത്ത് കടപ്രയിലെത്തിയ ജെയ്‌സണ്‍. മത്സ്യത്തൊഴിലാളികളെ ആദരിക്കാനായി വാടിയില്‍ നടത്തിയ ചടങ്ങിലാണ് തീര്‍ത്തും ദുഷ്‌കരമായ സാഹചര്യത്തില്‍ ആയിരങ്ങളെ രക്ഷിക്കാനായ നിമിഷങ്ങള്‍ അദ്ദേഹം പങ്കിട്ടത്.
ഒരു കുടുംബത്തെ രക്ഷിച്ച് ക്യാമ്പിലെത്തിച്ചതും പിന്നീട് അവരുടെ തന്നെ ആവശ്യപ്രകാരം വീട്ടിലെത്തി മറ്റു ഏഴുപേരെക്കൂടി ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നതും ജെയ്‌സണ്‍ വിവരിച്ചു. ഗര്‍ഭിണികളും കൈക്കുഞ്ഞുങ്ങളുമായി വെള്ളക്കെട്ടില്‍ അകപ്പെട്ടവരുമൊക്കെ തങ്ങളുടെ കൈകളില്‍ സുരക്ഷിതരായിരുന്നു. ഒറ്റക്കെട്ടായി ജീവിക്കണം എന്ന സന്ദേശം കൂടിയാണ് ഈ ദുരന്തം ഓര്‍മിപ്പിക്കുന്നതെന്നും ഈ മത്സ്യത്തൊഴിലാളി പറഞ്ഞു.