ആലപ്പുഴ: പ്രകൃതി ദുരന്തങ്ങൾ അനുഭവിക്കേണ്ടിവരുന്നവർ നേരിടുന്ന വലിയ പ്രശ്നമാണ് ശുദ്ധമായ കുടിവെള്ളത്തിന്റെ ക്ഷാമം. എന്നാൽ ആലപ്പുഴയിൽ കൊണ്ടുനടക്കാവുന്ന സ്യൂട്ട്കേസ് ആർ.ഒ പ്ലാന്റുവഴി പ്രളയബാധിതർക്ക് നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ അവസരം ഒരുക്കിയിരിക്കുകയാണ് സിങ്കപ്പൂർ കമ്പനി. മുഖ്യമന്ത്രി ചെയർമാൻ ആയുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിക്കാണ് സിങ്കപ്പൂർ കമ്പനി സ്യൂട്ട് കേസ് ആർ.ഓ പ്ലാന്റ് അനുവദിച്ചത്. എന്നാൽ അത് ആലപ്പുഴ ജില്ലാ ഭരണകൂടത്തിന് അനുവദിച്ചു. സിംഗപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അക്വയാന എന്ന കമ്പനിയാണ് ആറര ലക്ഷം രൂപ വിലവരുന്ന രണ്ട് ആർ.ഒ പ്ലാന്റുകൾ എത്തിച്ചിരിക്കുന്നത്. പ്ലാന്റിന്റെ പ്രവർത്തന ഉദ്ഘാടം പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരൻ കളക്ട്രേറ്റിൽ നിർവഹിച്ചു. പ്ലാന്റ് അദ്ദേഹം ജില്ലാകളക്ടർ എസ്.സുഹാസിൻ കൈമാറി. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹസൻ അഹമ്മദ് ആർ.ഒ പ്ലാന്റുകൾ മന്ത്രി ജി.സുധാകരന് കൈമാറി. അൾട്രാ വയലറ്റ് രശ്മികൾ വരെ കടത്തിവിട്ട് ഏതുതരം വെള്ളത്തിലെയും മാലിന്യം പൂർണമായും നീക്കം ചെയ്യാൻ ഈ പോർട്ടബിൾ ആർ.ഒ പ്ലാന്റുകൾക്ക് കഴിയും. മണിക്കൂറിൽ 500 ലിറ്റർ വെള്ളം വരെ ശുദ്ധീകരിക്കാനും ഇവയ്ക്ക് സാധിക്കും. ജലത്തിലടങ്ങിയിരിക്കുന്ന ഖര മാലിന്യങ്ങളേയും ബാക്ടീരിയകളേയും വൈറസുകളേയുമൊക്കെ നിമിഷനേരം കൊണ്ടില്ലാതാക്കാനും ഈ കുഞ്ഞൻ ആർ.ഒകൾക്കാകും. 28 കിലോ മാത്രം ഭാരമുള്ളതിനാൽ ബോട്ടുകളിലും വ്ളളങ്ങളിലും ഇരുചക്രവാഹനങ്ങളിലുമെല്ലാം കൊണ്ടുപോകാനാകുമെന്നതും ഈ ആർ.ഒ പ്ലാന്റുകൾകളുടെ പ്രത്യേകതയാണ്.15 വർഷം വരെ ഇവ കേടുകൂടാതെ ഉപയോഗിക്കാനാകും. പ്രീമിയം സൂപ്പർഫ്ലക്സ് സിലിക്കൺ കാർബൈഡ് ഫിൽറ്ററായതിനാൽ സാധാരണ ആർ.ഓകളെക്കാൾ കൂടുതൽ പ്രകൃതി സൗഹൃദമാണ്.സാധാരണ ആർ.ഒകൾകളെക്കാൾ മികച്ച നിർമിതിയാണ ഈ സ്യൂട്ട് കേസ് സേവർ ആർ.ഒകൾക്കുള്ളത്.