ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ 2018ല്‍ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടക്കമിട്ട ഐആം ഫോര്‍ ആലപ്പി പദ്ധതിയെ വീ ആര്‍ ഫോര്‍ ആലപ്പിയെന്ന കൂട്ടായ്മയിലൂടെ വിപുലപ്പെടുത്തുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ തലങ്ങളില്‍ ഉള്ളവരെ ഉള്‍പ്പെടുത്തിയാണ് വീ ആര്‍ ഫോര്‍ ആലപ്പിയെന്ന പുതിയ കൂട്ടായ്മ രൂപീകരിച്ചത്.

എല്ലാ വിഭാഗം ജനങ്ങളുടേയും പുനരധിവാസമാണ് വീ ആര്‍ ഫോര്‍ ആലപ്പി കൂട്ടായമയിലൂടെ ലക്ഷ്യമിടുന്നതെങ്കിലും കോവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്കാണിപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ജില്ലകളക്ടര്‍ പറഞ്ഞു. ഇത്തരത്തില്‍ ജില്ലയില്‍ 273 കുട്ടികളാണുള്ളത്. പ്രത്യേക സര്‍വെ നടത്തിയാണ് ഇവരെ കണ്ടെത്തിയത്. കുട്ടികള്‍ക്കാവശ്യമായ വിദ്യാഭ്യാസം, തൊഴില്‍, ഉപജീവനം, ആരോഗ്യം സംരക്ഷണം, ചികിത്സ സഹായം തുടങ്ങിയ കാര്യങ്ങളാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.

വീ ആര്‍ ഫോര്‍ ആലപ്പി പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ ഇന്നലെ (നവംബര്‍ 3) മാവേലിക്കര സ്വദേശിയായ വിദ്യാര്‍ഥിക്ക് ചേര്‍ത്തല ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സിന് പ്രവേശനം നല്‍കി. കോവിഡ് ബാധിച്ച് ഈ കുട്ടിയുടെ മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ടിരുന്നു. പിന്നീട് ജീവിതച്ചെലവിന് വഴിമുട്ടിയതോടെയാണ് പഠനം ഉപേക്ഷിച്ച് ചെറിയ തൊഴിലുകളിലേക്ക് പോകേണ്ടിവന്നത്. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നേരിട്ടെത്തിയാണ് കുട്ടിയെ പഠിക്കാനായി ചേര്‍ത്തത്. പഠനത്തിന് ശേഷം ജില്ലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഇന്റേണ്‍ഷിപ്പിനുള്ള അവസരും ഒരുക്കിയിട്ടുണ്ട്. ഇതിന് ശേഷം കുട്ടിക്ക് മികച്ച ജോലി ലഭിക്കാനുള്ള സൗകര്യവും ഒരുക്കി നല്‍കും.

കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടപെട്ട കുട്ടികള്‍ക്ക് ഇത്തരത്തില്‍ മികച്ച വിദ്യാഭ്യാസവും അതുവഴി തൊഴിലും ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദ്യ ഘട്ടമായി നടത്തുന്നത്.