ആലപ്പുഴ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് പി. പി. ചിത്തരഞ്ജന്‍ എം.എല്‍.എ പറഞ്ഞു. ആറാട്ടുവഴി, പവ്വര്‍ഹൗസ്, കനാല്‍, കാഞ്ഞിരംചിറ തുടങ്ങിയ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് ബൈപാസിന്റെ സമീപത്ത് കൂടി സ്ഥാപിച്ചിരിക്കുന്ന പൈപ്പ്ലൈനു പകരം പ്രത്യേകം പൈപ്പ്ലൈനുകള്‍ സ്ഥാപിക്കുന്നതിനും കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ആലപ്പി കമ്പനിയ്ക്ക് സമീപമുള്ള പൈപ്പ്ലൈന്‍ മാറ്റുന്നതിന് എം.എല്‍.എ. ഫണ്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. ഇതിനായുള്ള ടെന്‍ണ്ടര്‍ നടപടികള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
നെഹ്‌റുട്രോഫി വാര്‍ഡിലെ ശുദ്ധജലം ലഭിക്കാത്ത പ്രദേശങ്ങളില്‍ രണ്ടു ദിവസത്തിനുള്ളില്‍ വെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നഗരത്തിലെ വടക്കന്‍ വാര്‍ഡുകളില്‍ ശുദ്ധജലക്ഷാമം നേരിടുന്ന ഇടങ്ങളില്‍ ജലം എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ആര്യാട് പഞ്ചായത്തില്‍ പുതിയതായി കുഴല്‍കിണര്‍ സ്ഥാപിക്കുന്നതിനായി എം.എല്‍.എ. ഫണ്ടില്‍ നിന്ന് തുക അനുവദിച്ചതായി എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു.
മണ്ണഞ്ചേരി പഞ്ചായത്തില്‍ ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ തടസ്സം ഒഴിവാക്കുന്നതിനുള്ള പ്രവൃത്തികള്‍ ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കും. എ.എസ്. കനാലിനു സമീപമുള്ള കുന്നിലകം കോളനിയില്‍ ഉടനെ ശുദ്ധജലം എത്തിക്കും. നിലവില്‍ പുതിയതായി സ്ഥാപിക്കപ്പെട്ട കുഴല്‍കിണറില്‍ നിന്ന് ഉപ്പ് വെള്ളമാണ് ലഭിക്കുന്നതെന്ന പരാതി കണക്കിലെടുത്ത് അവിടെ പരിശോധന നടത്തി പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചു.
ആലപ്പുഴ കുടിവെള്ള പദ്ധതി പ്രകാരം 1524 മീറ്റര്‍ പൈപ്പില്‍ 1200 മീറ്റര്‍ പൈപ്പ്ലൈനാണ് കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തില്‍ നിര്‍മിക്കുന്നത്. അവശേഷിക്കുന്ന 324 മീറ്ററും കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തില്‍ സ്ഥാപിക്കുന്നതിനുള്ള ഇടപെടലിന്റെ ഭാഗമായി ജലവിഭവവകുപ്പ് മന്ത്രിയെ പങ്കെടുപ്പിച്ചുകൊണ്ട് യോഗം വിളിച്ചു ചേര്‍ക്കുമെന്ന് എം.എല്‍.എ. അറിയിച്ചു.
യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ പുനപരിശോധിക്കുന്നതിനായി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും യോഗം ചേരാനും തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ കൃഷ്ണ തേജ, ജില്ലാ പഞ്ചായത്ത് അംഗം ആര്‍.റിയാസ്, കിഫ്ബി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.