തൊഴില്‍സഭയുടെ ജില്ലയിലെ ആദ്യപരിശീലനം ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. തൊഴിലന്വേഷകരായ യുവതീ യുവാക്കൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിൽ ഉറപ്പാക്കാൻ തൊഴിൽ സഭകൾ സഹായകരമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയിൽ 4,24,286 പേർ തൊഴിലന്വേഷകരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഏറെയും അഭ്യസ്തവിദ്യരായ യുവതീ യുവാക്കളാണ്. തൊഴിലന്വേഷകരിൽ ധാരാളം പേർ സ്ത്രീകളാണ്. അവർക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുന്നതിലൂടെ സ്ത്രീ ശാക്തീകരണത്തിനും തൊഴിൽ സഭകൾ ഉപകാരപ്രദമാകും. തൊഴിൽ സഭകളെ തുടർന്ന് ആവശ്യമായവർക്കെല്ലാം നൈപുണ്യവികസന പരിശീലനങ്ങൾ ലഭ്യമാക്കും. ഇതിലൂടെ സ്വദേശത്തും വിദേശത്തുമുള്ള സ്ഥാപനങ്ങളിൽ ഉയർന്ന ജോലി നേടാൻ തൊഴിലന്വേഷകർക്ക് കഴിയുമെന്നും പരിപാടിയുടെ ഭാഗമായി തൊഴിൽദാതാക്കൾക്കും പ്രോത്സാഹനം നൽകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കിലയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും അധ്യക്ഷന്മാർക്കും സെക്രട്ടറിമാര്‍ക്കുമായാണ് പരിശീലനം നടന്നത്. നാലുവര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പരിപാടിയാണ് തൊഴില്‍ സഭകള്‍. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഓരോ പ്രദേശത്തും തൊഴില്‍ സഭകള്‍ സംഘടിപ്പിക്കുന്നത്.

ജില്ലാ പഞ്ചായത്ത്‌ ഹാളിൽ നടന്ന ഏകദിന പരിശീലനത്തില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരും സെക്രട്ടറിമാരും പങ്കെടുത്തു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.പി. വേലായുധന്‍,
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ. ഗോപിനാഥൻ, കില റിസോഴ്സ്പേഴ്സൺ കെ. ഗോപാലകൃഷ്ണൻ, കില ഉദ്യോഗസ്ഥൻമാരായ കെ. ഗോപാലകൃഷ്ണൻ, അബ്ദുൾ റജീബ്, പി.ടി. മോഹനൻ ചിന്തു മാനസ് എന്നിവർ സംസാരിച്ചു.