ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ ലക്ഷ്യത്തിന് പിന്തുണയുമായി ഫ്യൂജിഫിലിം ഇന്ത്യ. രണ്ടാം ഘട്ട പ്രചാരണ പരിപാടിക്ക് വയനാട് ജില്ലയില്‍ തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലീജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ടി.ബി സ്‌ക്രീനിംഗ് യൂണിറ്റ് ഫ്യുജിഫിലിം അധികൃതര്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് കൈമാറി. ഒരു വര്‍ഷം യൂണിറ്റിന്റെ സേവനം ആരോഗ്യ വകുപ്പിന് ലഭിക്കും. യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫും ചടങ്ങില്‍ നടത്തി. ജില്ലയില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന ടി.ബി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എക്‌സ്‌റേ സേവനങ്ങള്‍ അടങ്ങിയ മൊബൈല്‍ ടി.ബി സ്‌ക്രീനിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം സഹായകരമാകും. ടി.ബി ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ക്കായുള്ള ഡയഗ്നോസ്റ്റിക് ഇമേജിംഗിലും ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലും മുന്‍നിരക്കാരായ ഫ്യൂജിഫിലിം ഇന്ത്യയുടെ ‘നിര്‍ത്തരുത്: രോഗനിര്‍ണയ കാലതാമസം ഒഴിവാക്കുന്നതിനായി സ്‌ക്രീനിങ്’ പ്രചാരണത്തിന്റെ കേരളത്തിലെ രണ്ടാം ഘട്ടത്തിനാണ് കല്‍പ്പറ്റയില്‍ തുടക്കം കുറിച്ചത്.

ജില്ലയിലെ ആരോഗ്യ വകുപ്പുമായ് സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. കല്‍പ്പറ്റ ഓഷിന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയിലൂടെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളിലേക്കും ആദിവാസികള്‍ ഉള്‍പ്പെടെ രോഗനിര്‍ണയ സംവിധാനങ്ങള്‍ എത്തിച്ചേരാന്‍ പ്രയാസമുള്ള ജനവിഭാഗങ്ങളിലേക്കും സ്‌ക്രീനിങും രോഗനിര്‍ണയവും വേഗത്തില്‍ സാധ്യമാക്കും. ക്ഷയം ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമെന്ന സന്ദേശം ഇതോടൊപ്പം പ്രചരിപ്പിക്കും.
രോഗലക്ഷണ സ്‌ക്രീനിങ്ങിന് പുറമെ ജില്ലയിലെ ക്ഷയരോഗ ബാധിതര്‍ക്ക് ഫ്യൂജിഫിലിം പോഷകാഹാര സഹായവും നല്‍കും. ഇതിനായി ഫ്യൂജി ഫിലിം മൂന്ന് എക്സ്റേ മെഷിനുകള്‍ ഒരുക്കി സാമൂഹിക പിന്തുണയോടെ രോഗനിര്‍ണയങ്ങള്‍ നടത്തും. ഇതുവഴി 50 ലക്ഷത്തിലധികം പേരിലേക്ക് സന്ദേശമെത്തിക്കാനും 30,000 പേരെ സ്‌ക്രീന്‍ ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്. ഇന്റര്‍നാഷണല്‍ യൂണിയന്‍ എഗൈന്‍സ്റ്റ് ടി.ബി ആന്റ് ലംഗ് ഡിസീസ് (ദ യൂണിയന്‍) ആയി സഹകരിച്ച് സാമൂഹിക പിന്തുണയോടെ രോഗനിര്‍മാര്‍ജനത്തിന് പുതിയ പരിഹാരങ്ങള്‍ തേടാനുള്ള മാതൃക രൂപീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പ്രാചരണത്തിന്റെ ഭാഗമായി ഫ്യൂജി ഫിലിം ടി.ബിയെക്കുറിച്ച് വീടുതോറും അവബോധം നല്‍കും. വിദഗ്ധമായി രൂപകല്‍പ്പന ചെയ്ത കമ്പ്യൂട്ടഡ് എയ്ഡഡ് റേഡിയോളജി സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനോടൊപ്പം മൊബൈല്‍ ഡിജിറ്റല്‍ എക്സറേ സേവനങ്ങളും ഫ്യൂജിഫിലിം ഉപയോഗപ്പെടുത്തും.
ഡി.എം.ഒ ഇന്‍ ചാര്‍ജ് ഡോ. പി. ദിനീഷ്, ഡി.പി.എം ഡോ. സമീഹ സൈതലവി, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. കെ.വി സിന്ധു, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍, ഫ്യൂജി ഫിലിം സോണല്‍ കോര്‍പ്പറേറ്റ് മാനേജര്‍ സച്ചിന്‍ ടൈറ്റസ്, ടെക്‌നിക്കല്‍ അഡൈ്വസര്‍ ഡോ. മിഥുന്‍ രാജീവ്, പാത്ത് ഫൈന്‍ഡര്‍ ഇന്റര്‍നാഷണല്‍ പ്രതിനിധി ഡോ. അനുപമ റാവു തുടങ്ങിയവര്‍ സംസാരിച്ചു.