തൊടുപുഴ താലൂക്ക് ഭൂ പതിവ് സമിതി യോഗം നടത്തി. താലൂക്ക് ഓഫീസില്‍ സംഘടിപ്പിച്ച യോഗത്തില്‍ പി.ജെ ജോസഫ് എം.എല്‍.എ അദ്ധ്യക്ഷനായി. നാല് വര്‍ഷങ്ങള്‍ക്കിടെ 52 അപേക്ഷകളാണ് ഭൂമി പതിവുമായി ബന്ധപ്പെട്ട് തൊടുപുഴയില്‍ നിന്നും ലഭിച്ചത്. എന്നാല്‍ കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധി മൂലം അപേക്ഷകളില്‍ അന്വേഷണം നടത്താനോ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് അടിയന്തിരമായി ഭൂ പതിവ് കമ്മിറ്റികള്‍ ചേര്‍ന്ന് അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മുനിസിപ്പല്‍ പ്രദേശത്തെ മൂന്ന് വില്ലേജുകളില്‍ നിന്നായി ഏഴ് അപേക്ഷകള്‍ പരിഗണിച്ചു. ഇതില്‍ ആറ് കേസുകള്‍ കമ്മിറ്റി അംഗീകരിച്ചു. ബാക്കിയുള്ള അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ തീരുമാനം കൈക്കൊള്ളും. തൊടുപുഴ നഗരസഭാ പരിധിയില്‍ വരുന്ന 18 അപേക്ഷകളില്‍ മുനിസിപ്പാലിറ്റിയില്‍ നിന്ന് എന്‍.ഒ.സി ലഭ്യമാക്കി നടപടികള്‍ പൂര്‍ത്തിയാക്കും. ഒരു മാസത്തിനുള്ളില്‍ തൊടുപുഴ താലൂക്കിന് കീഴില്‍ വരുന്ന പഞ്ചായത്ത് തല ഭൂ പതിവ് കമ്മിറ്റികള്‍ വിളിച്ച് ചേര്‍ത്ത് ലഭിച്ച അപേക്ഷകളില്‍ നടപടികള്‍ സ്വീകരിക്കുമെന്നും സബ് കളക്ടര്‍ അരുണ്‍.എസ്.നായര്‍ പറഞ്ഞു. തൊടുപുഴ തഹസില്‍ദാര്‍ അനില്‍കുമാര്‍.എം., വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട മറ്റ് കമ്മിറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. അര്‍ഹമായ കൂടുതല്‍ കേസുകള്‍ ഉള്‍പ്പെടുത്തി രണ്ട് മാസത്തിനുള്ളില്‍ അടുത്ത കമ്മിറ്റി ചേരുന്നതിനും തീരുമാനിച്ചതായി തഹസില്‍ദാര്‍ അറിയിച്ചു.